മലമ്പുഴ: അമ്മയ്ക്കൊപ്പം തനിക്ക് ഒരു ദിവസം പ്രായമുള്ളപ്പോള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയിട്ടുണ്ടെന്ന് പൂജ പറഞ്ഞാല്‍ ചിലപ്പോള്‍ ആരും വിശ്വസിക്കില്ല. പക്ഷേ സംഭവം സത്യം തന്നെ. മലമ്പുഴ പഞ്ചായത്തിലെ കൊല്ലങ്കുന്ന് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി അഞ്ജു ജയന്റെ മകളാണ് 10 വയസ്സുകാരി പൂജ.
2010 ഒക്ടോബര്‍ 24നു തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം തീരുന്ന ദിവസം വൈകിട്ടായിരുന്നു പൂജയുടെ ജനനം. അന്ന് അഞ്ജു ജയന് ഇതേ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായിരുന്നു. ഗര്‍ഭിണിയായതിനാല്‍ പ്രചാരണത്തിനു പോകാനായില്ല. പക്ഷേ, നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസം ഒരു ദിവസം പ്രായമായ കുഞ്ഞുമായി അഞ്ജു പറ്റാവുന്ന വീടുകളില്‍ കയറി വോട്ട് അഭ്യര്‍ഥിച്ചു.
കുഞ്ഞിനെ കണ്ട് എല്ലാവരും വോട്ടുചെയ്തു. ഇതോടെ അമ്മയുടെ ഭൂരിപക്ഷം വര്‍ധിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷ വരെയായി അഞ്ജു. കൈക്കുഞ്ഞുമായി വോട്ട് ചെയ്യാന്‍ അഞ്ജു കൊല്ലങ്കുന്ന് പോളിങ് ബൂത്തിലെത്തിയതു വലിയ വാര്‍ത്തയായി മാറിയിരുന്നു.
മലമ്പുഴ നിര്‍മലമാതാ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ പൂജ ആ പത്രം ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇത്തവണയും ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അഞ്ജു. പൂജയുടെ കൈ പിടിച്ചാണു പ്രചാരണം. 10 വര്‍ഷം മുന്‍പു കണ്ട കുഞ്ഞിന്റെ മുഖം വീണ്ടും കാണുമ്പോള്‍ വോട്ടര്‍മാര്‍ക്കു കൗതുകം.