മലപ്പുറം: മിണ്ടാപ്രാണിയോട് വീണ്ടും മനുഷ്യന്റെ ക്രൂരത. വളര്‍ത്തുനായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു. ഇതുകണ്ടെത്തിയ നാട്ടുകാര്‍ സ്കൂട്ടര്‍ തടഞ്ഞു നായയെ മോചിപ്പിച്ചു. എടക്കരയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ശനിയാഴ്ച എടക്കരയില്‍ ഒരാള്‍ നായയെ സ്കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്നു. രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പിന്നില്‍ നിന്ന് ആളുകള്‍ വിളിച്ചെങ്കിലും വാഹനം നിര്‍ത്താന്‍ ഇവര്‍ തയാറായില്ല.
ഒടുവില്‍ പൊതുപ്രവര്‍ത്തകനായ ഉമ്മര്‍ വളപ്പിലാണ് ഇവരെ പിന്തുടര്ന്ന് സ്കൂട്ടര്‍ നിര്‍ത്തിച്ചത്. ഇതോടെ സ്കൂട്ടര്‍ യാത്രികര്‍ ഉമ്മറിനോടു തട്ടിക്കയറി. നാട്ടുകാര്‍ കൂടിയതോടെ ഒരാള്‍ ഇറങ്ങി നായയെ കെട്ടിയ കയര്‍ വാഹനത്തില്‍നിന്ന് അഴിച്ചുമാറ്റുകയായിരുന്നു.
അതേസമയം, കൊച്ചിയില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്ത് കഴിഞ്ഞ ഡിസംബറിലായിരുന്നു നായയെ ടാക്സി കാറിന്റെ പിന്നില്‍ കെട്ടിവലിച്ച സംഭവം അറങ്ങേറിയത്.