പെരിന്തൽമണ്ണ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പതിമൂന്നുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ. വലമ്പൂർ കിഴക്കേത്തലയ്ക്കൽ ഹനീഫയുടെ മകൻ ഫെബിൻ(13) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ, ഒഴിഞ്ഞ പറമ്പിലെ ചുറ്റുമതിലില്ലാത്ത 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലാണ് ഫെബിൻ വീണത്. സമീപവാസികളും വഴിയാത്രക്കാരും ഓടിക്കൂടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കുട്ടിക്കു ധൈര്യം പകരാനായി അയൽവാസിയായ ഫിറോസ് കിണറ്റിലിറങ്ങി. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് അസി.സ്റ്റേഷൻ ഓഫിസർ സജുകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സേനാംഗങ്ങളായ വി അബ്ദുൽ സലീം, സുജിത്ത്, മുജീബ് റഹിമാൻ, അനീഷ്, ഹോം ഗാർഡുമാരായ അശോക് കുമാർ, ഗോപകുമാർ, സിഡിവി അംഗം അൻവർ, ശിഹാബ്, അൻവർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.