മലപ്പുറം: തവനൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ അടവുകള്‍ പിനെട്ടും പയറ്റി കോണ്‍ഗ്രസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിനെതിരെ സന്നദ്ധ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. മണ്ഡലം തിരിച്ചു പിടിക്കാനുള്ള യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമോ ഫിറോസ് കുന്നംപറമ്പില്‍ എന്ന് കണ്ടറിയണം.
മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചതായി ഫിറോസ് കുന്നംപറമ്പില്‍ അവകാശപ്പെട്ടു. തവനൂരില്‍ കെടി ജലീല്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് ഫിറോസ് കുന്നംപറമ്പിലിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.
അതേസമയം, എതിരാളി ആരാണെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഫിറോസിന് മുസ്ലീം ലീഗിന്റെ പിന്തുണയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ച പുറത്തുവന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഫിറോസ് തന്നെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെടി ജലീലിനായിരുന്നു തവനൂരില്‍ വിജയം നേടിയത്.
2011ല്‍ 6854 വോട്ടുകള്‍ക്ക് ജയിച്ച ജലീല്‍ 2016ല്‍ ഭൂരിപക്ഷം 17064 ആയി ഉയര്‍ത്തി. കഴിഞ്ഞ തവണ മലപ്പുറം ഡിസിസി പ്രസിഡന്റായ വിവി പ്രകാശ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഫിറോസ് കുന്നംപറമ്പിലിനെ ഒഴിവാക്കിയാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളിയെ മണ്ഡലത്തിലേയ്ക്ക് പരിഗണിച്ചേക്കും. ഡിസിസി ഭാരവാഹിയായ അഡ്വ. പത്മകുമാറിന്റെ പേരും പരിഗണനയില്‍ ഉണ്ട്.
അതേസമയം, ഇത്തവണ എങ്ങനെയും മണ്ഡലത്തില്‍ വിജയം നേടാനാണ് യുഡിഎഫിന്റെ നീക്കം. രണ്ട് തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട സാഹചര്യത്തില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെയും നിലപാട്.