മലപ്പുറം: തോട്ടില്‍ മുങ്ങിത്താഴ്ന്ന പിതൃ സഹോദരന്റെ മക്കളെ രക്ഷപ്പെടുത്തിയും കുളത്തില്‍ വീണ 54കാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയും ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മലപ്പുറത്തെ രണ്ട് ചുണക്കുട്ടികള്‍.
കുട്ടികളുടെ ധീരതയ്ക്കുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പുരസ്കാരങ്ങളില് സ്പെഷല്‍ അവാര്‍ഡ് നേടി വേങ്ങര സ്വദേശി ഉമര്‍ മുഖ്താറും ജനറല്‍ അവാര്‍ഡ് നേടി വള്ളുവമ്പ്രം സ്വദേശി കെ മുഹമ്മദ് ഹംറാസുമാണ് മലപ്പുറത്തിന്റെ താരങ്ങളായത്.
പാങ്ങാട്ടുകുണ്ടിലെ കൈത്തോട്ടില്‍ മുങ്ങിയ, പിതൃ സഹോദരന്റെ മക്കളായ ആദിലിനെയും സെസിന് അഹമ്മദിനേയുമാണ് ഉമര്‍ രക്ഷിച്ചത്. 2021 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ്ദാന സംഗമത്തില്‍ പങ്കെടുക്കുന്നതിലുള്ള ആഹ്ലാദത്തിലും, രണ്ട് ജീവനുകള്‍ രക്ഷിച്ച ആവേശത്തിലുമാണ് ഉമര്‍ മുഖ്താര്‍. സഹോദരനെ അവാര്‍ഡ് തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഉമര്‍ മുഖ്താറിന്റെ സഹോദരങ്ങളായ ഫാത്തിമയും മുഹമ്മദ് ഐമനും.
2020 ജനുവരി 17ന് ആണ് കൃഷിയാവശ്യത്തിനു വെള്ളം കോരുന്നതിനിടെ 54കാരനായ തോരന്‍ മുഹമ്മദ് ആഴമേറിയ കുളത്തില്‍ വീണത്. ഈ സമയം സമീപമുള്ള മൈതാനത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്നു ഹംറാസും കൂട്ടുകാരും. ബഹളം കേട്ട് ഓടിയെത്തിയ ഹംറാസ് ആദ്യം ഒന്നു ഭയപ്പെട്ടെങ്കിലും പിടയുന്ന ജീവന് ആഴത്തിലേക്ക് മുങ്ങിത്താഴുന്നതു കണ്ടപ്പോള്‍ ഒന്നും നോക്കാതെ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിച്ചിരുന്ന ഹംറാസിന് തോരന്‍ മുഹമ്മദിനെ രക്ഷിക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ഹര്‍ഷദ് സിനാന്, ഹന്ഷിദ്, ഹന്ഷിദ നസ്റി, ഹര്‍ഷിദ എന്നിവരാണ് മുഹമ്മദ് ഹംറാസിന്റെ സഹോദരങ്ങള്‍. ദേശീയ ധീരത പുരസ്കാരം ഹംറാസിന് ലഭിച്ചതിന്റെ ആഘോഷത്തിലാണ് നാട്ടുകാരും പൂക്കോട്ടൂര്‍ അറവങ്കരയിലെ കളത്തിങ്ങല്‍ വീടും.