മലപ്പുറം: ഭക്ഷണം നല്‍കാതെ മക്കളെ മുറിയില്‍ പൂട്ടിയിട്ടു മാതാപിതാക്കളുടെ ക്രൂരത. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളായ ആറും നാലും വയസുള്ള കുട്ടികളെയാണ് ഭക്ഷണം നല്‍കാതെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
അവശരായ നിലയില്‍ കണ്ട കുട്ടികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ലെന്നും മാതാപിതാക്കള്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ കുട്ടികളെ കൊണ്ടു പോകാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ അന്യസംസ്ഥാന സ്വദേശികളായ മാതാപിതാക്കളെ നിലമ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ കസ്റ്റഡിയിലെടുത്തവര്‍ തന്നെയാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടികള്‍ തങ്ങളുടേതാണെന്നും ജോലിയ്ക്കു പോകുമ്പോള്‍ ഇവര്‍ പുറത്തുപോകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നുമാണ് കസ്റ്റഡിയിലായവരുടെ വാദം.