എടപ്പാള്‍: അപൂര്‍വ്വമായി കാണപ്പെടുന്ന ഇനം പറക്കുന്ന അണ്ണാനെ എടപ്പാളില്‍ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ‘ട്രാവന്‍കൂര്‍ ഫ്ലയിങ് സ്ക്വിറല്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പറക്കുന്ന അണ്ണാനെയാണ് എടപ്പാള്‍ മാണൂരില്‍ കണ്ടെത്തിയത്.
സാധാരണ കാട്ടുപ്രദേശങ്ങളില്‍ മാത്രം അപൂര്‍വമായി കാണപ്പെടുന്ന ഇനമാണ് ഇതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിന് മുന്‍പ് 9 വര്‍ഷം മുന്‍പാണ് വളാഞ്ചേരി കാവുംപുറത്ത് ഇത്തരത്തിലുള്ള അണ്ണാനെ കണ്ടെത്തിയത്.
മലയണ്ണാന്റെ വംശത്തില്പെട്ട ട്രാവന്‍കൂര്‍ ഫ്ലയിങ് സ്ക്വിറല്‍ കേരളത്തിലെ വനാന്തരങ്ങളില്‍ വ്യാപകമായി കണ്ടിരുന്നു. എന്നാല്‍ വനനശീകരണവും മറ്റും മൂലം ഇവ വംശ ഭീഷണി നേരിടുകയാണ്. രാത്രി ഇരതേടലും പകല്‍ മരപ്പൊത്തുകളിലും മറ്റും ഉറക്കവുമായി മനുഷ്യ സാന്നിധ്യത്തില്‍ നിന്ന് മറഞ്ഞിരിക്കുന്ന ഇവയെ കേരളത്തില്‍ മാത്രം കണ്ടുവരുന്നതിനാലാണ് ട്രാവന്‍കൂര്‍ ഫ്ലയിങ് സ്ക്വിറല്‍ എന്നു വിളിക്കുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം തിരുനാവായ പക്ഷി സങ്കേതത്തിലെ അധികൃതരെത്തി ഏറ്റുവാങ്ങി. ഇതിനെ അടുത്ത ദിവസം വനം വകുപ്പിന് കൈമാറും.