മലപ്പുറം: നിലമ്പൂരില്‍ കാല്‍തെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂര്‍ ഫയര്‍ഫോഴ്സും സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. വീട്ടിച്ചാല്‍, രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള അഴുക്കുചാലിലാണ് കുതിര വീണത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ വീട്ടിച്ചാല്‍ സ്വദേശി കൊയപ്പതൊടി വീട്ടില്‍ ആനന്ദ് ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ഒന്‍പത് വയസ്സ് പ്രായമുള്ള ‘ജോണ്‍’ എന്ന് പേരുള്ള കുതിരയാണ് അപകടത്തില്‍പ്പെട്ടത്. ഇടുങ്ങിയ ഓടയില്‍ നിന്ന് കുതിരയെ രക്ഷപ്പെടുത്താന്‍ നാട്ടുകാരും ഉടമസ്ഥരും ശ്രമിച്ചെങ്കിലും കാല് കുടുങ്ങിയതിനാല്‍ രക്ഷപ്പെടുത്താനായില്ല. ഉടന്‍ തന്നെ നിലമ്പൂര്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നിലബുര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ശേഷം നിലമ്പൂര്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരും നാട്ടുകാരുമായി ചേര്‍ന്ന് സേഫ്റ്റി ബെല്‍റ്റിന്റെ സഹായത്തോടെ കുതിരയെ ഓടയില്‍ നിന്ന് രക്ഷപെടുത്തി പുറത്ത് എടുക്കുകയായിരുന്നു.
നിസ്സാര പരിക്ക് പറ്റിയ കുതിരക്ക് പ്രഥമ ശുശ്രൂഷനല്‍കി ശേഷം ഉടമസ്ഥന്റെ പറമ്പിലേക്ക് മാറ്റി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഇഎം ഷിന്റു, വി സലീം, കെ സഞ്ജു, ആര് സുമീര്‍കുമാര്‍, സിവില്‍ ഡിഫെന്‍സ് വണ്ടിയര്‍മാരായ കെ എം അബ്ദുല്‍ മജീദ്, അബു രാമംകുത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.