മുതുകാട്: കിണറ്റിലെ വെള്ളം തിളച്ച് മറിയുന്ന അദ്ഭുത പ്രതിഭാസം കണ്ട് ഞെട്ടലിലാണ് ഒരുപറ്റം നാട്ടുകാര്‍. മുതുകാട് തെക്കുംപാടത്താണ് സംഭവം. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് തിളച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലിന് വീട്ടുകാര്‍ വെള്ളം കോരിയപ്പോള്‍ ചൂട് അനുഭവപ്പെട്ടുവെങ്കിലും കാര്യമാക്കിയില്ല. എന്നാല്‍ നേരം പുലര്‍ന്ന് നോക്കിയപ്പോള്‍ കിണറില്‍ നേരിയ തോതില്‍ വെള്ളം തിളക്കുന്നതു കാണുകയായിരുന്നു. ഇതിനിടയ്ക്ക് കിണറ്റിലെ മോട്ടോര്‍ കേടുവരുകയും ചെയ്തു. കിണറ്റിലെ റിംഗുകള്‍ ചരിഞ്ഞ നിലയിലാണ്.
നഗരസഭാ കൗണ്‍സിലര്‍ പാലോളി മെഹബൂബ്, ജല അതോറിറ്റി ഫീല്‍ഡ് ഓഫിസര്‍ കെ അജീഷ്, ആശാ വര്‍ക്കര്‍ പി പ്രസന്ന എന്നിവര്‍ സ്ഥലത്തെത്തി. വെള്ളത്തിന്റെ സാംപിള്‍ ഗുണനിലവാര പരിശോധനയ്ക്ക് ജല അതോറിറ്റി ലാബിലേക്ക് അയച്ചു.