നാദാപുരം: സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് റോഡ്വക്കില് അബോധാവസ്ഥയില്‍ കിടന്ന മധ്യവയസ്കന് ചികിത്സയും സഹായവും നല്കി ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി അഗ്നി രക്ഷാസേനയും നാട്ടുകാരും. ഇന്നലെ വൈകിട്ട് നാല് മണിയോടെ ചേലക്കാട് ഫയര്‍ഫോഴ്സ് ഓഫിസിനു സമീപം സംസ്ഥാന പാതയിലാണ് സംഭവം.
സംസ്ഥാന പാതയില്‍ സ്കൂട്ടര്‍ അപകടത്തില്‍ പെട്ട് അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്കനെ ഉടന്‍തന്നെ അഗ്നി രക്ഷാസേനയുടെ ആംബുലന്‍സില്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ തലയ്ക്ക് പരുക്കും കൈക്കും കാലിനും പൊട്ടലും കണ്ടെത്തി.
ബോധം വീണ്ടെടുത്തതോടെ കോടഞ്ചേരി പൊന്നങ്കയം വടക്കേ കുടിയില്‍ ചാക്കോച്ചന് ആണെന്ന് തിരിച്ചറിഞ്ഞു. കൂട്ടാലിടയില്‍ നിന്നു നാദാപുരത്തെ ടെക്സ്റ്റയില്‍ ഷോപ്പുകളില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ വരുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്. ഇദ്ദേഹത്തെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ജനകീയ സമിതി പ്രവര്ത്തകന് കുമ്മങ്കോട്ടെ ചിങ്ങിണിയേരത്ത് ഹമീദാണ് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് ചാക്കോച്ചനെ കൊണ്ടു പോകാന്‍ സന്നദ്ധനായത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ എഎസ്എഫ് ഒ വിനോദ്, ഫയര്മാന് വികെ ഷൈജു, ഷിഗിന്‍ ചന്ദ്രന്, ലികേഷ്, ജനകീയ ദുരന്ത നിവാരണ സേന പ്രവര്‍ത്തകരായ ബഷീര്‍ കോടഞ്ചേരി എന്നിവര്‍ ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചാക്കോച്ചനു വേണ്ടി ചെലവഴിച്ചു.