കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാഴ്ചക്കാരെ നടുക്കുകയാണ്. ബേപ്പൂരിലെ അരക്കിണറിലാണ് സംഭവം.
പന്ത്രണ്ട് വയസുകാരായ നൂറാസ്, വൈഗ എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതില്‍ നൂറാസിനെ തെരുവുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുളളത്. വീടിന്റെ സമീപത്തെ ഇടവഴിയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
also read: പാലക്കാട് ഒറ്റ രാത്രിയില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച; സര്‍വ്വതും വലിച്ച് വരിയിട്ട നിലയില്‍!
കുട്ടികളെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ നാല്പത്തിനാലുകാരന് സാജുദീനും തെരുവുനായയുടെ കടിയേറ്റു. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുകയായിരുന്നു. നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുവഴിയിലൂടെ ഇറങ്ങിനടക്കാന്‍ ഭയമാണെന്നും എന്തങ്കിലും പരിഹാരം അധികാരികള്‍ കണ്ടെത്തണമെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.