കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഇതാ വന്നെത്തി… സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഒട്ടുമിക്ക മണ്ഡലങ്ങളിലും കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ തിരുവമ്പാടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. തിരുവമ്പാടിയില്‍ ലിന്റോ ജോസഫ് തന്നെ താരം.
ഇടതുകയ്യില്‍ മുറുകെപ്പിടിച്ച ഊന്നുവടിയുടെ സഹായത്തോടെ ലിന്റോ ജോസഫ് വോട്ടു തേടിയിറങ്ങിത്തുടങ്ങി. സ്കൂള്‍ കായികമേളയിലെ പഴയ വേഗതാരമായിരുന്ന ലിന്റോ ജോസഫ് തെരഞ്ഞെടുപ്പ് കളത്തിലെ താരമായതിന് പിന്നില്‍ ഒരു കഥയുണ്ട്.
സ്കൂള്‍ കായികമേളയിലെ പഴയ വേഗതാരത്തെ ഊന്നുവടിയിലേക്ക് മാറ്റിയത് സന്നദ്ധപ്രവര്ത്തനത്തിനിടയിലെ ഒരു വാഹനാപകടമാണ്. 2019 ലെ പ്രളയകാലത്ത് കൂമ്പാറ മാങ്കൂന്ന് പട്ടികവര്‍ഗ കോളനിയിലെ രോഗിയുമായി മെഡിക്കല്‍ കോളജിലേക്കു പോയ ആംബുലന്‍സില്‍ ടിപ്പര്‍ ലോറി ഇടിച്ചായിരുന്നു അപകടം.
ലിന്റോയായിരുന്നു ആംബുലന്‍സ് ഓടിച്ചിരുന്നത്. കൂമ്പാറ ജുമാ മസ്ജിദിലെ ആംബുലന്‍സിലാണു സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ബലിപെരുന്നാള്‍ പ്രമാണിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അവധിയായിരുന്നതോടെയാണ് ലിന്റോ ഡ്രൈവിങ് സീറ്റിലെത്തിയത്. കനത്ത മഴയുള്ള രാത്രി എതിരെ വന്ന ടിപ്പര്‍ ഇടിച്ചുക്കയറിയത് ഡ്രൈവറിരുന്ന വശത്ത് തന്നെ.
അപകടത്തില്‍ വലതുകാലിന്റെ മുട്ടിനു താഴെ ചലനശേഷി നഷ്ടമായി. പിന്നീട് ഊന്നുവടിയായി ആശ്രയം. മൂന്നു വട്ടം എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ലിന്റോയുടെ കന്നിയങ്കം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡില്‍ നിന്നു ജയിച്ചു പഞ്ചായത്ത് പ്രസിഡന്റായി.
28 വയസ്സുള്ള പഞ്ചായത്ത് പ്രസിഡന്റിനെത്തേടി നിയമസഭാ സ്ഥാനാര്ഥിത്വമെത്തിയത് അപ്രതീക്ഷിതമായാണ്. ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ലിന്റോ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ താരമാണ് ലിന്റോ ജോസഫ്. കോട്ടയം ഏന്തയാര്‍ ജെജെഎംഎച്ച്എസ്എസിലെ പഠനകാലത്ത് പ്രശസ്ത കായികാധ്യാപകന് കെപി തോമസായിരുന്നു ലിന്റോയുടെ പരിശീലകന്.