ഏറ്റുമാനൂര്‍: 11 കെവി വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുപ്പതടി ഉയരത്തില്‍ ബോധരഹിതനായി കുടുങ്ങിക്കിടന്ന യുവാവിനെ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെട്ടിമുകള്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ ജോണ്‍സനാണു (45) സാരമായ പരുക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ ജെഎം കോംപ്ലക്സിലാണു സംഭവം. കെട്ടിടം കഴുകി വൃത്തിയാക്കിയ ശേഷം ഗോവണി അഴിക്കുന്നതിനിടെ ഇരുമ്പു പൈപ്പ് 11 കെവി വൈദ്യുതക്കമ്പിയില്‍ തട്ടിയാണ് ജോണ്സന് ഷോക്കേറ്റത്.
വൈദ്യുതാഘാതമേറ്റു ജോണ്സന് ബോധരഹിതനായി തലകീഴായി കിടക്കുകയായിരുന്നു. വൈദ്യുതക്കമ്പികള്‍ കൂട്ടിമുട്ടി വന്‍ ശബ്ദം ഉണ്ടാകുകയും സമീപത്തെ സ്ഥാപനങ്ങളില്‍ വൈദ്യുതി തടസ്സം നേരിടുകയും ചെയ്തു. ഇതോടെ സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോളജ് അധികൃതര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഷോക്കേറ്റ് യുവാവ് തലകീഴായി കിടക്കുന്നതു കണ്ടു.
അവര്‍ ഉടന്‍തന്നെ കെഎസ്ഇബി, പോലീസ്, അഗ്നിരക്ഷാ സേന എന്നിവരെ വിവരമറിയിച്ചു. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ലൈനിലെ വൈദ്യുതി വിഛേദിച്ചു. ഈ സമയം കോളജ് അധികൃതരുടെ നിര്‍ദേശ പ്രകാരം, ജോണ്‍സന്റെ കൂടെ ഉണ്ടായിരുന്ന സഹായി ഗോവണിയില്‍ കയറി ജോണ്‍സന്റെ അരയില്‍ കയര്‍ കെട്ടി ഗോവണിയിലെ തടിപ്പലകയില്‍ ഇരുത്തി.
പോലീസും കോട്ടയത്തു നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അര മണിക്കൂര്‍ പരിശ്രമിച്ച് വല ഉപയോഗിച്ചാണു ജോണ്‍സനെ താഴെയിറക്കിയത്. കൈകള്‍ക്കും കാലിനും പൊള്ളലേറ്റ ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അകലം പാലിക്കാതെയും മുന്‍കരുതല്‍ സ്വീകരിക്കാതെയും 11 കെവി വൈദ്യുതിക്കമ്പിക്കു സമീപം ഇരുമ്പ് ലാഡര്‍ സ്ഥാപിച്ചതു നിയമ വിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും കാണിച്ച് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് ജനീഫ് പി ഏബ്രഹാം കെട്ടിടം ഉടമയ്ക്ക് നോട്ടിസ് നല്കി.