വൈക്കം: വൈക്കത്ത് മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു. വൈക്കം കൊതവറ മണ്ണക്കാട്ട് തറയില്‍ എംഒ വര്‍ഗീസിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്തെ മത്സ്യകൃഷിയാണ് നഞ്ച് കലക്കി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതില്‍ സംശയംതോന്നി നടത്തിയ അന്വേഷണത്തിലാണ് മീന്‍കൃഷി നടത്തുന്ന സ്ഥലത്ത് നഞ്ച് കലക്കിയതായി അറിയുന്നതെന്ന് വര്‍ഗീസ് പറഞ്ഞു. നാല് ടണ്ണോളം മീന്‍ നശിച്ചിട്ടുണ്ടെന്ന് വര്‍ഗീസ് പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് 25000 തിലോപ്പിയ കുഞ്ഞുങ്ങളെ തലയാഴം പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ തുരുത്തിലെ പ്രത്യേക സ്ഥലത്ത് നിക്ഷേപിച്ചത്. വിളവെടുക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് സാമൂഹികവിരുദ്ധര്‍ നഞ്ച് കലക്കിയത്. കായലിലൂടെ വള്ളത്തിലെത്തിയവര്‍ വെള്ളത്തില്‍ വിഷം കലക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വര്‍ഗീസിന്റെ ഭാര്യ ഡയാന, മകന് അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് മത്സ്യകൃഷി നടത്തുന്നത്. ആകെ ആറ് ഏക്കര്‍ സ്ഥലത്താണ് ഇവര്‍ക്ക് മത്സ്യകൃഷിയുള്ളത്. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന് അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി.