മണര്‍കാട്: തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. പൂതിരി സ്വദേശി തമ്പാനാണ് (55)അപകടത്തില്‍ പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 നാണ് അപകടം. തെക്കേക്കുഴി വര്‍ഗീസിന്റെ പുരയിടത്തില്‍ തേങ്ങ ഇടുന്നതിനായി യന്ത്രം ഉപയോഗിച്ചാണ് തമ്പാന് കയറിയത്. തേങ്ങ വെട്ടിയിടുന്നതിനിടെ കൈവിട്ടു താഴേക്കു തൂങ്ങി. നിലവിളി കേട്ടു പരിസരവാസികള്‍ ഓടിയെത്തി.
നിയുക്ത പഞ്ചായത്ത് അംഗം മറിയാമ്മ തോമസ് തടത്തിമാക്കലിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സേനയും പോലീസും നാട്ടുകാരും ഉടന്‍ സ്ഥലത്തെത്തി. തെങ്ങില്‍ കയറിയ ശേഷം വലയില്‍ കെട്ടി തമ്പാനെ സുരക്ഷിതമായി നിലത്ത് എത്തിച്ചു.
തിരൂരില്‍ നിയന്ത്രണം വിട്ട് വൈദ്യുതക്കാലില് ഇടിച്ച് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. തിരൂര്‍ പൂക്കയില്‍ പെരുവഴിയമ്പലത്തെ വളവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. എറണാകുളത്ത് നിന്ന് ചേളാരി ഐഒസി പ്ലാന്റിലേക്കു 18 മെട്രിക് ടണ്‍ ഗ്യാസുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ വാതകച്ചോര്‍ച്ച പരിഹരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറിയുടെ കാബിനില്‍ നിസ്സാര പരുക്കുകളോടെ കുടുങ്ങിയ ഡ്രൈവര്‍ ആരോഗ്യച്ചാമിയെ അഗ്നിരക്ഷാ സേന പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. സംഭവ സ്ഥലത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വൈദ്യുതി വിച്ഛേദിച്ചതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.