ആയൂര്‍: മാലപൊട്ടിക്കന് വന്ന മോഷ്ടാവിനെ പിടിച്ചുവലിച്ച് തള്ളി നിലത്തിട്ട വീട്ടമ്മയുടെ ചെരുത്തുനില്പ്പിനൊപ്പം നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ കള്ളന് അകത്തായി. ബൈക്കിലെത്തി മാല കവരുന്ന സംഘത്തില്‍പെട്ട കൊട്ടിയം നജിം മന്‍സിലില്‍ മുഹമ്മദ്അലിയെയാണ് (21) വഴിയാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പോലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ ആയൂര്‍ – ഓയൂര്‍ റോഡില്‍ ചെറിയവെളിനെല്ലൂര്‍ ഭാഗത്തായിരുന്നു സംഭവം. റോഡിന്റെ വശത്തു കൂടി നടന്നു പോയ ചെറിയവെളിനല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ മാലപൊട്ടിക്കാനാണു ശ്രമം നടന്നത്.
ബൈക്കിനു പിന്നിലിരുന്ന് എത്തിയ മുഹമ്മദ്അലി വീട്ടമ്മയ്ക്കു സമീപം എത്തിയപ്പോള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി. വീട്ടമ്മയുടെ പിന്നാലെ എത്തിയാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വീട്ടമ്മ പ്രതികരിച്ചതോടെ മോഷ്ടാവിന്റെ ശ്രമം വിഫലമായി. പിടിവലിക്കിടെ മോഷ്ടാവിനെ തള്ളി നിലത്തിട്ടു. വീട്ടമ്മ ബഹളംവച്ചതോടെ ഇതുവഴി കാറിലെത്തിയ രണ്ടു യുവാക്കള്‍ സഹായവുമായി എത്തി.
തുടര്‍ന്ന് എല്ലാവരും കൂടി മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാരിപ്പള്ളി സ്വദേശി മിഥുന് ബൈക്കുമായി കടന്നുകളഞ്ഞു. മിഥുന് നിരവധി മോഷണക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ്അലി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.