ചിറ്റാരിക്കാല്‍: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മക്കളും അവരുടെ കാമുകന്മാരും അറസ്റ്റില്‍. കടുമേനി സര്‍ക്കാരി പട്ടികവര്‍ഗ കോളനിയിലെ പാപ്പിനിവീട്ടില്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും മക്കളും അവരുടെ കാമുകന്മാരുമുള്പ്പെടെ 6 പേരെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രാമകൃഷ്ണന്റെ ഭാര്യ പികെ തമ്പായി (40), മകള്‍ പിആര്‍ രാധിക (19), അയല്‍വാസികളായ പാപ്പിനിവീട്ടില്‍ നാരായണന്റെ മകന് പിഎസ് സനില്‍ (19), പാപ്പിനിവീട്ടില്‍ മനോജിന്റെ മകന് പിഎം മഹേഷ് (19), ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ഒരു സുഹൃത്ത്, രാമകൃഷ്ണന്റെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകള്‍ എന്നിവരെയാണ് ഇന്നലെ ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി രാജേഷ്, എസ്ഐ കെപി രമേശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 23 നു രാവിലെയാണ് കടുമേനി സര്‍ക്കാരി കോളനിയിലെ വീടിനു സമീപത്തെ വനത്തിനുള്ളില്‍ രാമകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പാടുകള്‍ കണ്ടതോടെ മരണത്തില്‍ ദുരൂഹതയേറി. തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പും നടത്തിയിരുന്നു.
22 നു രാത്രി വീടിന്റെ ഉമ്മറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രാമകൃഷ്ണനെ ഭാര്യയും അയല്‍വാസികളായ 3 യുവാക്കളും ചേര്‍ന്നു വീടിന്റെ കഴുക്കോലില്‍ സാരിയുപയോഗിച്ചു കെട്ടിത്തൂക്കുകയും, മരണമുറപ്പാക്കിയശേഷം പാതിരാത്രിയോടെ ഇവര്‍ മൃതദേഹം സമീപത്തെ വനത്തില്‍ കൊണ്ടുവന്നു തള്ളുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്.
രാമകൃഷ്ണന്റെ പെണ്മക്കളുമായി പ്രതികളായ രണ്ടു യുവാക്കള്‍ പ്രണയത്തിലായിരുന്നു. ഇതിനു ഭാര്യ തമ്പായിയുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ രാമകൃഷ്ണന് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്റെ മക്കളില്‍നിന്നും മൊഴിയെടുക്കുന്നതിനിടെയാണ് ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരവും പോലീസ് കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് കൊലപാതക കേസിലെ പ്രതിയായ പിഎസ് സുനിലിനെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. പ്രതികളെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.