പെരിയ: പുഴയിലെ കിണറില്‍ മുങ്ങിത്താഴ്ന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ കരയ്ക്കെത്തിച്ച് ജീവന് രക്ഷപ്പെടുത്തി നാല്‍വര്‍ സംഘം. എംകെ മോഹനന്, സഹോദരന് കുഞ്ഞിക്കണ്ണന്, ഇവരുടെ ബന്ധുവായ മണികണ്ഠന് മിന്നംകുളം, മൂന്നാംകടവിലെ റഷീദ് എന്നിവരാണ് ഇതര തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. മൂന്നാംകടവ് പുഴയില്‍ ഇന്നലെയാണ് അപകടം സംഭവിച്ചത്.
മൂന്നാംകടവിലുണ്ടായ അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്ക് മുന്പില് പലപ്പോഴും രക്ഷകരായി അവതരിക്കുന്നത് ഈ നാല്‍വര്‍ സംഘമാണ്. ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളായ 4 പേര് മൂന്നാംകടവ് പുഴയിലെ കിണറില്‍ ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ടപ്പോഴും രക്ഷിക്കാനെത്തിയത് ഈ നാല്‍വര്‍ സംഘം തന്നെ.
സ്വന്തം ജീവന് നോക്കാതെ സഹജീവികളുടെ ജീവനുവേണ്ടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇവരെ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. കൂലിവേലക്കാരായ ഇവര്‍ ഇന്നലെ തൊഴിലാളികള്‍ കിണറില്‍ അപകടത്തില്‍പ്പെട്ട സമയത്ത് പരിസരത്തു തന്നെയുണ്ടായതും ഭാഗ്യമായി.
കരയ്ക്കെത്തിച്ച രണ്ടു തൊഴിലാളികള്‍ അബോധാവസ്ഥയിലായിരുന്നു. പ്രഥമശുശ്രൂഷ നല്കി വേഗം ആശുപത്രിയിലെത്തിക്കാനായതും നിര്‍ണായകമായി. രണ്ടു മാന്‍ഹോള്‍ മാത്രമുള്ള കിണറില്‍ നിന്ന് സാഹസികമായാണ് നാല്‍വര്‍സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അതേസമയം, വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാംകടവ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചതും വര്‍ഷകാലത്ത് ഒഴുക്കില്പ്പെട്ടുമരിച്ച രണ്ട് വയോധികരുടെ മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചതും മോഹനനാണ്.