ചിക്കമഗളൂരു: ബീയറുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. കിട്ടിയ തക്കത്തിന് മദ്യം കടത്താന്‍ ശ്രമിച്ച നാട്ടുകാരെ നിയന്ത്രിക്കാന്‍ ലാത്തി വീശി പോലീസ്. ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം.
അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞപ്പോള്‍ ബീയര്‍ കുപ്പികള്‍ റോഡില്‍ ചിതറി. മിനിറ്റുകള്‍ക്ക് അകം നൂറുകണക്കിനാളുകളാണ് മറിഞ്ഞ ലോറിയില്‍ നിന്നു ബീയര്‍ എടുത്തുകൊണ്ടുപോകാന്‍ എത്തിയത്.
കിട്ടിയ സമയത്ത് റോഡില്‍ തെറിച്ചു വീണവയ്ക്കു പുറമേ ലോറിയില്‍ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന ബോട്ടിലുകളും ആളുകള്‍ കൈക്കലാക്കി. ഇങ്ങനെ കെയ്സ് കണക്കിനു ബീയറാണു നഷ്ടമായത്.
സ്ഥലത്ത് ആളു കൂടിയ വിവരം അറിഞ്ഞു എത്തിയ പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു ലാത്തി വീശിയത്. അതും വകവയ്ക്കാതെ പോലും ആളുകള്‍ ബീയര്‍ കുപ്പികള്‍ പെറുക്കാന്‍ നിന്നു. സംഭവവുമായി ബന്ധപ്പെട്ടു തരിക്കരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.