പാനൂര്‍: മുഖത്ത് മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച യുവാവിനെ പ്രതിരോധിച്ച് കീഴ്പ്പെടുത്തി, നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്പിച്ചു അധ്യാപിക. അണിയാരം കിളച്ച പറമ്പത്ത് ലീഷ്മയാണ് കള്ളനെ കീഴ്പ്പെടുത്തി നാട്ടിലെ താരമായത്.
അണിയാരം ശിവക്ഷേത്രത്തിനു സമീപം കാക്രോട്ട് മുക്കിലാണ് സംഭവം. കുന്നോത്തുപറമ്പിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന ലീഷ്മയോട് ബൈക്കിലെത്തിയ യുവാവ് വഴി അന്വേഷിക്കാനെന്ന വ്യാജേന തടഞ്ഞു നിര്‍ത്തിയാണ് അതിക്രമം കാട്ടിയത്.
മാലയുടെ ഒരു ഭാഗം മോഷ്ടാവിന്റെ കൈക്കലായെങ്കിലും അധ്യാപിക തടഞ്ഞു വച്ച് ബഹളമുണ്ടാക്കി. അതു വഴി വന്ന കാര്‍ യാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് കള്ളനെ പിടികൂടുകയായിരുന്നു.
കേസില്‍ കോഴിക്കോട് നരിക്കുനി കീഴരിയൂര്‍ കഴുക്കല്ലൂര് സ്വദേശി അന്‍ഷാദ് സമനാണ് (20) ചൊക്ലി പോലീസിന്റെ പിടിയിലായത്. യുവാവിന്റെ ബൈക്കില്‍ നിന്ന് മറ്റൊരു സ്വര്‍ണ്ണമാലയും ചെന്നൈയിലേക്ക് റിസര്‍വ് ചെയ്ത റെയില്‍ ടിക്കറ്റും പോലീസ് കണ്ടെടുത്തു. കഴുത്തിന് പരുക്കേറ്റ ലീഷ്മ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.