തലശ്ശേരി: തലശ്ശേരിയില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ഉഷാറാകുന്നു, മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ വോട്ടഭ്യര്‍ഥിച്ചു ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി.
തിങ്കളാഴ്ച കതിരൂര്‍, ചമ്പാട്, ചൊക്ലി, മേനപ്രം പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു എഎന്‍ ഷംസീര്‍ വോട്ട് തേടി. മാത്രമല്ല, വ്യക്തികളെക്കണ്ട് അനുഗ്രഹവും വാങ്ങി. പി സുരേഷ്ബാബു, പിപി സനില്‍, കെപി വിജയന്, വികെ രാകേഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഒപ്പമുണ്ടായിരുന്നു.
അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആരോഗ്യമന്ത്രി കെകെ ശൈലജയും എംവി ഗോവിന്ദനും ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെ എട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
മട്ടന്നൂരില്‍ ജനവിധി തേടുന്ന കെകെ ശൈലജ വരണാധികാരിയായ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടിനി സൂസന് ജോണ്‍ മുമ്പാകെ രണ്ടു സെറ്റ് പത്രികകളാണ് നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമനും സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം വികെ സുരേഷ് ബാബുവും ഒപ്പമുണ്ടായിരുന്നു. മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് പി അനിതയും ഇ ജയപ്രകാശും നിര്‍ദ്ദേശിച്ചു.