ഇരിട്ടി: ആദിവാസി കുടുംബത്തിനു സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ വീട് പൊളിച്ചു നീക്കിയ സംഭവത്തില്‍ ക്രഷര്‍ ഉടമ, മണ്ണുമാന്തി യന്ത്രം ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുന്നോത്ത് ആദിവാസി കുടുംബത്തിനു സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ വീടാണ് പൊളിച്ചു നീക്കിയത്.
ജനുവരി 22നാണ് കുന്നോത്ത് ബെന്‍ഹില്ലിനു സമീപം ജാനുവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൊളിച്ചത്. ഈ വീട്ടില്‍ താമസിച്ചിരുന്ന ജാനു കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
പോലീസിലും പഞ്ചായത്തിലും പട്ടികവര്‍ഗ വകുപ്പിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നതുള്പ്പെടെയുള്ള ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം വീടിന്റെ അവകാശികളും വനവാസി അവകാശ സംരക്ഷണ സമിതിയും രംഗത്തു വന്നു.
മക്കളില്ലാത്ത ജാനുവിനെ നോക്കിയിരുന്ന സ്ത്രീയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ പണിക്ക് പോയ സമയത്താണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വീട് തകര്‍ത്തതെന്നു പരാതിയില്‍ ഉന്നയിച്ചിരുന്നു.
സംഭവം ഇന്നലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ രാഷ്ട്രീയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
അതേസമയം, സമീപത്ത് കുന്നിടിച്ചു തുടങ്ങാനിരിക്കുന്ന ക്രഷറിനു ലൈസന്‍സ് ലഭിക്കുന്നതിന് ദൂരപരിധി പ്രശ്നമാകാതിരിക്കാന്‍ ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് എഴുത്തും വായനയും അറിയാത്ത അവശനിലയിലായ ജാനുവില്‍ നിന്നു നേരത്തെ ചില കടലാസുകളില്‍ ഇവര്‍ ഒപ്പിട്ടു വാങ്ങിയതായും ആരോപണമുണ്ട്.