നടുവില്‍: പുല്ലംവനം കോളനിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിയില്‍ മനോജിന്റെ ഭാര്യ സജിത (34), മകള്‍ 10 വയസുകാരി നന്ദൂട്ടി എന്നിവരെയാണ് വീടിനകത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തി സജിത ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മനോജും മൂത്ത മകന് ആദിത്യനും വീട്ടില്‍ ഇല്ലായിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുത്താന സ്വദേശി 24 കാരി ആതിരയെയാണ് ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കറിക്കത്തി കൊണ്ടാണ് കഴുത്ത് മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.