കട്ടപ്പന: വിവാഹദിവസം അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടത്തിന് തോറ്റുകൊടുക്കാതെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ പ്രണയിനിയെ സ്വന്തമാക്കി രൂപേഷ്. കട്ടപ്പന വലിയപാറ കാവ്യഭവനില് രൂപേഷ് ചന്ദ്രുവാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പ്രതിസന്ധികളും വിധി തീര്‍ത്ത വെല്ലുവിളികളും മറികടന്നു പാറക്കടവ് സ്വദേശിനി അശ്വതിയെ താലി ചാര്‍ത്തിയത്.
ഇപേഴുംകവല പാക്കനാര്കാവ് മഹാദേവ ക്ഷേത്രത്തില്‍ ഇന്നലെ വിവാഹിതരാകാനായിരുന്നു ഇരുവരുടേയും തീരുമാനം. വിവാഹദിവസം ഒരുക്കങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത വാഹനാപകടം ഉണ്ടായത്.
രാവിലെ പൂവ് വാങ്ങാനായി രൂപേഷ് നഗരത്തിലേക്കു ബൈക്കില്‍ പുറപ്പെട്ടു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചു കാലിനു പരുക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്കി. എന്നാല്‍ നിശ്ചയിച്ച സമയത്തുതന്നെ വിവാഹം നടത്തണമെന്നു രൂപേഷിനു നിര്‍ബന്ധമായിരുന്നു. കാലിന് ഏല്പിച്ച ഗുരുതര പരുക്ക് അവഗണിച്ച് രൂപേഷ് കാറിലിരുന്ന് കല്ല്യാണം കഴിച്ചു.
ക്ഷേത്ര മുറ്റത്തേക്കു വാഹനം കയറാത്തതിനാല്‍ സമീപത്തെ വ്യക്തിയുടെ വീട്ടുമുറ്റം വിവാഹ വേദിയാക്കി. വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ കാറിലിരുന്നാണു താലി ചാര്‍ത്തിയത്. ചടങ്ങ് കഴിഞ്ഞ ഉടന്‍ രൂപേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.