മുട്ടം: തെരഞ്ഞെടുപ്പ് ആഘോഷത്തിനിടയില്‍ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ഗുണ്ട് പൊട്ടിച്ചതിന്റെ ശബ്ദംകേട്ട് വൃദ്ധ കുഴഞ്ഞുവീണു. അവശയായി വീണ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം.
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പ്രകടനമായി വന്ന രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ തന്റെ ഉടമസ്ഥതയിലുളള വ്യാപാര സ്ഥാപനത്തിന്റെ മുന്നില്‍ ഓടയുടെ മുകളിലേക്ക് ഗുണ്ട് എറിഞ്ഞതായി വിജു സി ശങ്കര്‍ പറഞ്ഞു. ഗുണ്ട് വലിയ ശബ്ദത്തില്‍ പൊട്ടിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനത്തിന്റെ മുകളിലെ നിലയിലെ വീട്ടില്‍ രോഗ ചികിത്സയില്‍ വിശ്രമിക്കുകയായിരുന്ന എണ്‍പത് വയസ്സുള്ള മാതാവ് പ്രഷര്‍ താന്ന് അവശതയോടെ നിലത്ത് വീഴുകയായിരുന്നു.
വ്യാപാര സ്ഥാപനത്തിലായിരുന്ന ഞാനും ഭാര്യയും ശബ്ദം കേട്ട് ഉടന്‍ വീട്ടില്‍ എത്തി അമ്മയെ തൊടുപുഴയിലുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇത് സംബന്ധിച്ച് വിജു മുട്ടം പോലീസില്‍ പരാതി നല്കി. വിജുവിന്റെ പരാതിയില്‍, മുട്ടം മുളങ്ങാശ്ശേരിയില്‍ ബിസു സെബാസ്റ്റ്യന്‍, പൂച്ചക്കുഴിയില്‍ നിവിന്‍ എന്നിവരുടെ പേരില്‍ പടക്കം അലക്ഷ്യമായി എറിഞ്ഞതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുട്ടത്തെ വ്യാപാരിയും മര്‍ച്ചന്റ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ വിജു സി ശങ്കറിന്റെ സ്ഥാപനത്തിന് നേരെയുണ്ടായ നടപടിയില്‍ മര്‍ച്ചന്റ് അസോസിയേഷന് പ്രതിഷേധിച്ചു. നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി പോലീസില്‍ പരാതി നല്‍കിയതായും യൂണിറ്റ് പ്രസിഡന്റ് പിഎസ് രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി റെന്നി ആലുങ്കലും പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഎന്‍ മോഹനന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നു സൂചന. പത്തു വര്‍ഷത്തിനു ശേഷം ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക് ഉജ്വല തിരിച്ചു വരവ് നടത്തിയ എല്‍ഡിഎഫില്‍ പ്രസിഡന്റ് ആരാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും മോഹനനു തന്നെയാണു സാധ്യതയെന്നു നേതാക്കള്‍ സൂചിപ്പിക്കുന്നു.
നെടുങ്കണ്ടം ഡിവിഷനില്‍ നിന്നാണ് വി.എന്‍ മോഹനന്റെ വിജയം. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും അദ്ദേഹത്തിനാണ്. മുന്നണി ധാരണ പ്രകാരം ഘടകകക്ഷികള്‍ക്ക് ആദ്യ ടേമില്‍ പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടി വന്നാല്‍ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകും. തോട്ടം തൊഴിലാളി മേഖലകളിലും കുടിയേറ്റ കാര്‍ഷിക മേഖലകളിലും ഒരുപോലെ നടത്തിയ മുന്നേറ്റമാണ് ഇടതു മുന്നണിയെ മികച്ച വിജയത്തിലേക്ക് എത്തിച്ചത്.