കാലടി: ഓടിവന്നു കയറാന്‍ ശ്രമിച്ചപ്പോള്‍ പിടുത്തം വിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയില്‍ വീണ യാത്രക്കാരനെ പൊടുന്നനെ അപായച്ചങ്ങല വലിച്ചു ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ടിക്കറ്റ് എക്സാമിനര്‍. മലയാറ്റൂരിനടുത്തു നീലീശ്വരം സ്വദേശിയായ മിഥുന് പൗലോസ് (30) ആണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന് രക്ഷിച്ചത്.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു സംഭവം. കന്യാകുമാരിയില്‍ നിന്നു ബംഗളൂരുവിലേക്കു പോവുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിലെ ടിക്കറ്റ് എക്സാമിനറായിരുന്നു മിഥുന്.
കൊല്ലം സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴാണു ഭക്ഷണപ്പൊതിയുമായി ഒരാള്‍ ഓടിവന്നു കയറാന്‍ ശ്രമിക്കുന്നതു കണ്ടത്. എന്നാല്‍ പിടിത്തം വിട്ട് ഇയാള്‍ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയില്‍ വീണു. മിഥുന് പൊടുന്നനെ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. ജീവിതത്തിനും മരണത്തിനും ഇടയില്‍ വീണയാളെ മറ്റു യാത്രക്കാരുടെ സഹായത്തോടെ മിഥുന് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.
അയാളുടെ ഇടതുകൈയുടെ 4 വിരലുകള്‍ അറ്റുപോയിരുന്നു. എന്നാല്‍ ജീവിതത്തിലേക്കു തിരികെക്കയറി. അപകടത്തില്‍പെട്ട ശാസ്താംകോട്ട സ്വദേശിയായ ശ്രീനാഥ് എന്ന യുവാവിനെ റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ആശുപത്രിയിലാക്കി.
താണിക്കപ്പറമ്പിന് പൗലോസിന്റെയും സിസിലിയുടെയും മകനായ മിഥുന്റെ വലതു കൈ മുട്ടിനു താഴെ വരെ മാത്രമേയുള്ളു. ജന്മനാ ഇങ്ങനെയാണ്. 4 വര്‍ഷം മുന്‍പാണു റെയില്‍വേയില്‍ ജോലി കിട്ടിയത്. ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് എക്സാമിനര്‍ ആണ്.