കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ പുലര്‍ച്ചെ ഉണ്ടായ അപകട വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് മരട് നിവാസികള്‍. തുടര്‍ അപകടങ്ങളില്‍ രണ്ട് പേരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിനു സമീപം രാവിലെ ആറരയോടെ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രിക തൃശൂര്‍ നെല്ലിക്കുന്ന് മൂലംകുളം വീട്ടില്‍ ജനറ്റ് (ജോമോള്‍ 50) മരിച്ചു. അവരെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ തൃപ്പൂണിത്തുറ തെക്കുംഭാഗം കരിയാപറമ്പ് നന്ദനത്തില്‍ എംവി തമ്പി(58) മടങ്ങുംവഴി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മരിച്ചു.
കാര്‍ ഡ്രൈവ് ചെയ്തിരുന്ന, അനുജന് സാന്‍ഗിയെ(45) ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിക്ക് അടിയില്‍പെട്ട കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡോര്‍ വെട്ടിപ്പൊളിച്ചാണ് ജോമോളെ പുറത്തെടുക്കാനായത്. ആശുപത്രിയിലെത്തും മുന്‍പുതന്നെ ജോമോള്‍ മരിച്ചു. ഫാര്‍മസിസ്റ്റ് ആയ ജോമോള്‍ അവിവാഹിതയാണ്. സംസ്കാരം പിന്നീട്. പിതാവ് പരേതനായ വര്‍ഗീസ്. മാതാവ്: എല്‍സി. മറ്റു സഹോദരങ്ങള്‍: കുഞ്ഞുമോള്‍, സുമോള്‍.
ജോമോളെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങും വഴിയാണ് രണ്ടാമത്തെ അപകടം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നു തമ്പിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന രക്ഷാപ്രവര്ത്തകന് ഓട്ടോ പാളുന്നതു കണ്ടു ചാടിയതിനാല്‍ അപകടത്തില്‍പ്പെട്ടില്ല.
ജോമോളെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്കു തന്നെയാണു തമ്പിയെയും കൊണ്ടുപോയത്. പക്ഷെ അവിടെയെത്തും മുന്‍പു മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പരേതരായ വാസുവിന്റെയും ലക്ഷ്മിയുടെയും മകനാണ് തമ്പി. ഭാര്യ: ഗിരിജ. മക്കള്‍: ഗീതു, ശ്രുതി. മരുമകന്: വിനീത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.
അപകടത്തില്‍ പരുക്കേറ്റ ജനറ്റിനെയും കൊണ്ടു തമ്പിയുടെ ഓട്ടോറിക്ഷയില്‍ കയറിയതാണ് ഗാന്ധി സ്ക്വയറില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ചിത്തരഞ്ജന്. മടക്കയാത്രയില്‍ ഇവര്‍ രണ്ടു പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു തമ്പിയെന്നു ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ സുഹൃത്തുക്കള്‍ പറയുന്നു. എപ്പോള്‍ വിളിച്ചാലും ഓട്ടം പോകും, വളരെ അധ്വാന ശീലം ഉള്ളയാളായിരുന്നു. രാവിലെ വന്നാല്‍ രാത്രി 11 വരെയൊക്കെ ഓടിയ ദിവസങ്ങളുണ്ട്. ഓട്ടോറിക്ഷ ഓടിക്കുന്നതു മാത്രമല്ല. തനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഏതൊരു പണിക്കും പോകാന്‍ യാതൊരു മടിയും തമ്പിക്ക് ഇല്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അടുത്ത ചങ്ങാതിയുടെ മരണം ഇനിയും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. തൃപ്പൂണിത്തുറ സ്റ്റാച്യു സ്റ്റാന്‍ഡിലെ ഡ്രൈവറാണ് തമ്പി.