തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ബാങ്ക് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്. വീട്ടമ്മയെ കബളിപ്പിച്ച് 3000 രൂപയും സ്വര്‍ണ കമ്മലുമായി കടന്നുകളഞ്ഞ പ്രതിയെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി സ്വദേശി തൈപറമ്പില്‍ ഷെഫീഖ് (35) ആണ് അറസ്റ്റിലായത്.
ഉദയംപേരൂര്‍ എസ്ഐ ജിന്സന് ഡൊമിനികിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഉദയംപേരൂരില്‍ താമസിക്കുന്ന സാവിത്രി എന്ന വീട്ടമ്മയുടെ വീട്ടില്‍ ചെന്ന് പ്രതി ബാങ്ക് ഉദ്യോഗസ്ഥനാണെന്നും 140000 രൂപ ട്രഷറിയില്‍ നിന്നു വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിനായി ഏഴായിരം രൂപ ഉടനെ അടക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ശേഷം ഇവരുടെ കൈയില്‍ നിന്നു 3000 രൂപയും സ്വര്‍ണ കമ്മലും വാങ്ങി കടന്നുകളയുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം വീട്ടമ്മ താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയപ്പോള്‍ ഉദയംപേരൂര്‍ പോലീസില്‍ പരാതി നല്കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ഇതിനു മുമ്പും ഉദയംപേരൂര്‍ പനച്ചിക്കലില് ഒരു സ്ത്രീയെ കബളിപ്പിച്ചതിന് കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.