മൂവാറ്റുപുഴ: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 4 വയസ്സുകാരിയെ രക്ഷിക്കാന്‍ പിറകെ ചാടിയ പിതാവിനെയും ബന്ധുക്കളെയും അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. പെരുവ സ്വദേശിയായ പാലമറ്റത്തില്‍ രാഹുലിന്റെ മകള്‍ നിധാര (4) ആണ് ആദ്യം കിണറ്റില്‍ വീണത്. രാഹുല്‍ വാങ്ങിയ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം.
ഇന്നലെ ഉച്ചയ്ക്ക് 2ന് രാഹുലിന്റെ മകള്‍ നിധാര കിണറിനു സമീപം നിന്നു കളിക്കുന്നതിനിടെയാണ് കിണറ്റിലേക്കു വീണത്. കിണറ്റില്‍ വീഴുന്ന ശബ്ദവും കുട്ടിയുടെ നിലവിളിയും കേട്ട് ഓടിയെത്തിയ പിതാവ് രാഹുല്‍ ആദ്യം കിണറ്റിലേക്ക് എടുത്തു ചാടി. രാഹുല്‍ കുട്ടിയെ വെള്ളത്തില്‍ ഉയര്‍ത്തി പിടിച്ച് കിണറിന്റെ ഭിത്തിയില്‍ അള്ളിപ്പിടിച്ചു കിടന്നു.
ഇതിനിടെ ഇവരെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ ബന്ധുക്കളായ ഉണ്ണിക്കൃഷ്ണനും നിഥിലും കിണറ്റില്‍ കുടുങ്ങി. 30 അടി താഴ്ചയുള്ള കിണറ്റില്‍ 7 അടിയോളം വെള്ളം ഉണ്ടായിരുന്നു. എല്ലാവരും കിണറ്റില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു.
ഉടന്‍തന്നെ ഫയര്‍ ഓഫിസര്‍ പികെ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി, വല ഉപയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരുക്കില്ല.
ലീഡിങ് ഫയര്മാന് ഏബ്രഹാം പോള്‍, ഫയര്മാന് ഡ്രൈവര്‍ വികെ മനു, എന്‍എ ബാബു, ഫയര്മാന് ബിനീഷ് തോമസ്, പിഎസ് പ്രണവ്, ജെഎസ് രഞ്ജിത്, ടിഎസ് രഞ്ജിത്, ഹോം ഗാര്‍ഡ് ഷിജു സോമന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.