കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുമ്പോള് പ്രചരണത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍. വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും അനുഭാവികളും സുഹൃത്തുക്കളുമെല്ലാം നെട്ടോട്ടമോടുമ്പോള്‍ ഇവിടെ കൊച്ചിയില്‍ അപ്പനും അഞ്ചു മക്കളും കൂടിയാണ് പ്രചരണത്തിന് ഇറങ്ങുന്നത്.
സ്ഥാനാര്‍ത്ഥിയായ ജോര്‍ജ് നാനാട്ടിലിനായി മക്കളാണ് പ്രചാരണ രംഗത്ത് സജീവം. പ്രചാരണത്തിന് പോകാന്‍ ജോര്‍ജിന് ആരെയും പുറത്തു നിന്ന് വിളിക്കേണ്ട ആവശ്യമില്ല. മക്കളുമൊത്ത് ഒന്ന് കറങ്ങിയാല്‍ മതി. കൊച്ചി കോര്‍പറേഷനില്‍ 44-ാം ഡിവിഷനിലെ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ജോര്‍ജ് നാനാട്ടിലിന് മക്കള്‍ അഞ്ച് പേരാണ്. അവരെ നാട്ടില്‍ എ ബി സി ഡി ഇ എന്നാണ് നാട്ടില്‍ അറിയപ്പെടുക.
ജോര്‍ജിനും ഭാര്യ അമ്പിളിക്കും ആദ്യ പ്രസവത്തില്‍ ഉണ്ടായത് നാലു മക്കളാണ്. അവര്‍ക്ക് അലന്, ബെലിന്റ, ചാള്‍സ്, ഡാനിയല്‍ എന്ന് പേരുകള്‍ നലകിയതോടെ എബിസിഡി ഗ്രൂപ്പായി. പത്തു വര്‍ഷത്തിനുശേഷം മകള്‍ എമില്‍ പിറന്നു, അതോടെ ഗ്രൂപ്പില്‍ ഇ കൂടിയായി. ആദ്യ നാലുപേരും ബിരുദ വിദ്യാര്‍ത്ഥികളാണ്. എമില്‍ 5ാം ക്ലാസില്‍ പഠിക്കുന്നു.
കുടുംബമാണ് ശക്തിയെന്നും മക്കളെ പഠിപ്പിച്ച് വലുതാക്കാന്‍ പെട്ട പാട് മാത്രം മതി സാമൂഹ്യ സേവനത്തിനുള്ള അടിസ്ഥാനയോഗ്യത എന്നും ജോര്‍ജ് പറയും. അപ്പന് വേണ്ടിയുള്ള വോട്ടുപിടുത്തം മക്കളും ആസ്വദിക്കുന്നു. കോളേജില്‍ പഠിക്കുന്ന ആദ്യ നാലു പേര്‍ക്ക് തെരഞ്ഞെടുപ്പിന്റെ ഗൗരവം എല്ലാം അറിയാം . അതുകൊണ്ട് ക്യാമ്പയിനില്‍ വിശദമായി തന്നെ വോട്ടു പിടിക്കുന്നുണ്ട്. പക്ഷെ ഇളയവള്‍ അഞ്ചാം ക്ലാസുകാരിക്ക് ഇത് കറങ്ങാന്‍ കിട്ടിയ അവസരമാണ്.
പക്ഷേ പഠിത്തം കളഞ്ഞുള്ള വോട്ടുപിടുത്തം വേണ്ടെന്നാണ് ജോര്‍ജിന്റെ ഓര്‍ഡര്‍. അതു കൊണ്ട് ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്കു ശേഷം പഠനത്തെ ബാധിക്കാതെയാണ് എബിസിഡിഇ കളുടെ ഇലക്ഷന് ക്യാമ്പെയിന്.
അതേസമയം, എല്ലാ രാഷ്ട്രീയനേതാക്കളും പ്രമുഖന്മാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു മുഴുവന്‍ പ്രചാരണം നടത്തുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം കൂടി കഴിഞ്ഞതോടെ അദ്ദേഹം എല്ലാ ജില്ലകളും പിന്നിട്ടു.പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സിനിമാ താരം ജാഫര്‍ ഇടുക്കി രംഗത്തെത്തി. അശമന്നൂര്‍, രായമംഗലം പഞ്ചായത്തുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ജാഫര്‍ വോട്ട് അഭ്യര്‍ഥിച്ചത്.