ആലപ്പുഴ: പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പോലീസിന്റെ സഹായം തേടി പിതാവ്. പോലീസ് കണ്ട്രോള് റൂമിന്റെ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുംവഴി യുവതിക്ക് സുഖപ്രസവം. ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ച് കുടുംബം. മണ്ണഞ്ചേരി സ്വദേശിനി ആതിരയ്ക്കാണ് പോലീസ് കണ്ട്രോള് റൂമിലെ വാഹനത്തില്‍ പെണ് കുഞ്ഞ് പിറന്നത്.
പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഓട്ടോയില്‍ വരുന്നതിനിടെ യുവതിയുടെ പിതാവ് വഴിമധ്യേ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇവര്‍ യുവതിയെ പോലീസ് വാഹനത്തില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വാഹനത്തില്‍ നിന്ന് ആശുപത്രിയിലേക്ക് ഇറക്കുന്നതിന് മുമ്പ് ആതിര പ്രസവിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാകോടതിക്ക് മുമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ബൈജു, സിപിഒ പ്രസാദ്, സിപിഒ വിഷ്ണു രാജ് എന്നിവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിന് കുടുംബം നന്ദി പറഞ്ഞു. ആതിരയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.