ഹരിപ്പാട്: കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് തുണയായി ജീവനക്കാര്‍. ഹരിപ്പാട് ബസ്സ്റ്റേഷനില് നിന്നു പന്തളത്തേക്ക് പുറപ്പെടാന്‍ തയ്യാറായ ബസില്‍ തിങ്കളാഴ്ച ഉച്ചയോടായിരുന്നു സംഭവം.
ഹരിപ്പാട് നിന്നു ബസ് നീങ്ങുന്നതിനിടെ യാത്രക്കാരന് കുഴഞ്ഞുവീഴുന്നത് കണ്ടക്ടര്‍ ആര്യയാണ് ആദ്യംകണ്ടത്. വിവരം അറിഞ്ഞു ഡ്രൈവര്‍ സന്തോഷ് ഉടന്‍തന്നെ ബസ് ഗവ. ആശുപത്രിയിലേക്കു വിട്ടു. തുടര്‍ന്നു യാത്രക്കാരുടെ സഹായത്തോടെ ഇരുവരും ചേര്‍ന്ന് കുഴഞ്ഞുവീണയാളെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു.
ഡോക്ടര്‍മാര്‍ പ്രാഥമികചികിത്സ നല്‍കിയശേഷം ഇയാളെ വിട്ടയച്ചു. ആര്യയും സന്തോഷും പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരാണ്. ഹരിപ്പാട് എമര്‍ജന്‍സി റസ്ക്യു ടീം അംഗങ്ങള്‍ ഇരുവരെയും ആദരിച്ചു.