കായംകുളം: കഴിഞ്ഞ ദിവസം ദേശീയപാതയിലുണ്ടായ കാര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചു കുഞ്ഞിന് സാന്ത്വനമേകിയ ഹോം ഗാര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. യൂണിഫോം ധരിച്ച് പിഞ്ചുകുഞ്ഞിനെ തോളിലിട്ട് താരാട്ടുപാടിയുറക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹോം ഗാര്‍ഡ് കെഎസ് സുരേഷിനെ തേടിയെത്തുന്നത് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.30 നാണ് കരീലക്കുളങ്ങരയ്ക്ക് സമീപം രാമപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം സംഭവിച്ചത്. അപകടത്തില്‍ തിരുച്ചിറപ്പള്ളി ചിറക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകള്‍ ഒന്നരവയസുകാരി സൈറ മരിയ ഡെന്നി മരിച്ചിരുന്നു. നിസാര പരുക്കുകളോടെ രക്ഷപെട്ട സൈറയുടെ സഹോദരി ഇസ മരിയ ഡെന്നിയെയാണ് സുരേഷ് പരിചരിച്ചത്.
ഡെന്നിവര്ഗീസിന്റെ ഭാര്യ മിന്ന (28), സഹോദരന് മിഥുന് (30), മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവര്‍ ആരും കുഞ്ഞിനെ പരിചരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഇതോടെ കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങി.
തുടര്‍ന്ന് കരച്ചില് അടക്കാനാണ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് സുരേഷ് കുട്ടിയെ ഏറ്റെടുത്തത്. പുലര്‍ച്ചെ 3 മുതല്‍ ബന്ധുക്കള്‍ എത്തി കുട്ടിയെ 6 മണിക്ക് ഏറ്റുവാങ്ങുന്നത് വരെ ഇദ്ദേഹം കുട്ടിയെ തോളിലിട്ട് താരാട്ടു പാടി ഉറക്കുകയായിരുന്നു.
ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകനായ അനസ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. താന്‍ കുഞ്ഞിനെ പരിചരിച്ചപ്പോള്‍ പോലീസുകാര്‍ കുഞ്ഞിന് പാല് വാങ്ങി നല്‍കിയെന്നും സുരേഷ് പറഞ്ഞു.