ചെങ്ങന്നൂര്‍: മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂള്‍ നിര്‍മ്മിക്കുന്നതിനായി 60 സെന്റ് സ്ഥലം ദാനമായി നല്കി ദമ്പതിമാര്‍. പുലിയൂര് കൂട്ടുപ്ലാക്കല് വിദേശമലയാളികളായ കുര്യന് എബ്രഹാം, മറിയാമ്മാ കുര്യന് എന്നിവരാണു സ്വന്തം ഭൂമി കുരുന്നുകള്‍ക്കായി ദാനംചെയ്തതത്.
സ്ഥലം നല്കിയതുമാത്രമല്ല, സ്കൂള്‍ നിര്‍മാണത്തിനായുള്ള സാമ്പത്തികസഹായവും ഇവര്‍ നല്കി. ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ലില്ലി ലയണ്‍സ് സ്പെഷ്യല്‍ സ്കൂളിന് സ്വന്തമായി കെട്ടിടവും കാമ്പസും നിര്‍മ്മിക്കാനാണ് ഇവര്‍ സ്ഥലംനല്‍കിയത്.
നഗരസഭയില്‍ കീഴ്ച്ചേരിമേലില് വാടകകെട്ടിടത്തിലാണു നിലവില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമുച്ചയത്തിലേക്കു മാറും. പുതിയ സ്കൂള്‍കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ശിലാസ്ഥാപനം കുര്യന് എബ്രഹാമും മറിയാമ്മാ കുര്യനും ചേര്‍ന്നു നിര്‍വഹിച്ചു.
ഇടിക്കുള അബ്രഹാം, ലയണ്‍സ് ഗവര്‍ണര്‍ ഡോ. സിപി ജയകുമാര്‍, ലില്ലി ചെയര്മാന് ഡോ. പിജിആര്‍ പിള്ള, മാനേജിങ് ട്രസ്റ്റി ജി വേണുകുമാര്‍, വൈസ് ഗവര്‍ണര്‍ പ്രിന്‍സ് സ്കറിയ, ജയാനന്ദ കിളിക്കര്‍, കെകെ. കുരുവിള, രാജന് ഡാനിയേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.