ആലപ്പുഴ: ഗ്യാസിന് വില കൂടുന്നത് രത്നമ്മയുടെ കുടുംബത്തിന് ഒരു പ്രശ്നമേയല്ല, കാരണം ഇവിടെ കുഴല്‍ക്കിണറില്‍ നിന്നു കിട്ടുന്നത് വെള്ളമല്ല പകരം പാചകവാതകമാണ്. പത്തു വര്‍ഷമായി തുടരുന്ന അദ്ഭുത പ്രതിഭാസം അരങ്ങേറുന്നത് ആലപ്പുഴയില്‍ ആണ്. ആലപ്പുഴ ആറാട്ടുവഴി ചിറപ്പറമ്പില്‍ കാര്‍ത്തികയില്‍ രത്നമ്മ രമേശന്റെ അടുക്കളയിലാണ് ഭൂഗര്‍ഭ വാതക കിണറില്‍ നിന്നുള്ള വാതകം ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.
രത്നമ്മയുടെ വീട്ടിലെ കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളത്തിന് മഞ്ഞ നിറമായതു കൊണ്ടാണ് 2011ല്‍ അടുക്കളയ്ക്കു സമീപം പുതിയൊരു കുഴല്‍ക്കിണറിനു കുഴികുത്തിയത്. എന്നാല്‍ 16 മീറ്റര്‍ താഴ്ത്തിയെങ്കിലും വെള്ളം കിട്ടിയില്ല. ഇതിനിടയില്‍ പൈപ്പിന്റെ വാ വട്ടം വികസിപ്പിക്കാന്‍ പുതിയ കുഴല്‍ക്കിണറിന്റെ പൈപ്പിനു സമീപത്തു നിന്ന് തീപ്പെട്ടി ഉരച്ചു. അപ്പോള്‍ തീക്കൊള്ളി തീ ജ്വാലയായി മാറി.
പരിഭ്രാന്തരായ വീട്ടുകാര്‍ സംഭവം ആദ്യം രഹസ്യമാക്കിവച്ചു. ഇതു ഭൂഗര്‍ഭ വാതകമാണെന്നു മനസ്സിലായതോടെ പ്ലംമ്പര്‍ റെജിയുടെ സഹായത്തോടെ പൈപ്പിട്ട് വീട്ടിലെ സ്റ്റൗവുമായി ബന്ധിപ്പിച്ചു. ഗന്ധമില്ലാത്ത ഈ വാതകത്തില്‍ നിന്നു ചുവന്ന ജ്വാല തെളിഞ്ഞു. പിന്നീടങ്ങോട്ട് അതായി അടക്കളയിലെ പാചകവാതകം.
ഇപ്പോള്‍ പാചകവാതക കണക്ഷന് റദ്ദാകാതിരിക്കാന്‍ മാത്രമാണ് സിലിണ്ടര്‍ വാങ്ങുന്നത്. ജ്വലന ശേഷിയുള്ള ഭൂഗര്‍ഭ വാതകം വരുന്നുവെന്നറിഞ്ഞപ്പോള്‍ ജിയോളജി വിഭാഗവും പെട്രോളിയം കമ്പനികളും എത്തി പരിശോധന നടത്തിയിരുന്നു. വാതകം മീഥെയ്ന്‍ ആണെന്നും പേടിക്കേണ്ടെന്നും അവര്‍ പറഞ്ഞു. ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രതിഭാസം മാത്രമാണിതെന്നായിരുന്നു ആദ്യമെത്തിയ വിദഗ്ധരുടെ വിലയിരുത്തല്‍.
ഇതിനുശേഷം ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലുമായി പത്തോളം സ്ഥലങ്ങളില്‍ സമാനരീതിയില്‍ കുഴല്‍ക്കിണറില്‍ നിന്നു വാതകം ലഭിക്കുന്ന സംഭവങ്ങളുണ്ടായി. പക്ഷേ, ഒരിടത്തും ഈ പ്രതിഭാസം ഒരു വര്‍ഷത്തിലധികം നീണ്ടുനിന്നില്ല. എന്നാല്‍, ത്നമ്മയുടെ അടുക്കളയില്‍ 10 വര്‍ഷം കഴിഞ്ഞിട്ടും ഇതു മാറ്റമില്ലാതെ തുടരുന്നു. മഴ പെയ്ത് വീടിനു ചുറ്റും വെള്ളക്കെട്ടാകുമ്പോള്‍ മാത്രമാണ് വാതക ലഭ്യത കുറയുന്നത്. വെള്ളക്കെട്ട് മാറിയാലുടന്‍ വാതകം തിരിച്ചെത്തുന്നുണ്ട്.