എടത്വ: മക്കളെ എന്‍ട്രന്‍സ് കോച്ചിങ്ങിനു വിടാനുള്ള പണം സ്വരൂപിക്കുന്നതിനിടെ അച്ഛന് ലിവര്‍ സിറോസിസ് പിടിപെട്ടു. എന്നാലും തൊറ്റുകൊടുക്കാതെ പഠിച്ച് മെറിറ്റ് സീറ്റില്‍ അഡ്മിഷന് നേടി അച്ഛന്റെ സ്വപ്നം സഫലമാക്കി രണ്ട് പെണ്മക്കള്.
കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന് നേടിയ അഭിരാമി പി നാഥും എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ കെഎംഎസിന് അഡ്മിഷന് നേടിയ സഹോദരി ആര്‍ച്ച പി നാഥുമാണ് വിധിയോട് പൊരുതി മാതാപിതാക്കളുടെ സ്വപ്നം സഫലമാക്കിയത്. ജില്ല മത്സ്യഫെഡ് കമ്യൂണിറ്റി മോട്ടിവേറ്റര്‍ അംബികയുടെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ പിടി വിശ്വനാഥന്റെയും മക്കളാണ് ഇരുവരും.
മത്സ്യത്തൊഴിലാളിയായ വിശ്വനാഥന്റെയും അംബികയുടെയും സ്വപ്നമായിരുന്നു മക്കള്‍ രണ്ടുപേരെയും ഡോക്ടര്‍മാരാക്കുക എന്നത്. എന്നാല്‍ മക്കളെ എന്‍ട്രന്‍സ് കോച്ചിങ്ങിനു വിടാനുള്ള തുക സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിനിടെ വിശ്വനാഥന് ലിവര്‍ സിറോസിസ് പിടിപ്പെട്ടു. ഇതോടെ അഭിരാമിയുടെയും ആര്‍ച്ചയുടെയും പഠനം മുടങ്ങുമെന്നായി.
എന്നാല്‍ ഇതിനിടെ മത്സ്യഫെഡ് കമ്യൂണിറ്റി മോട്ടിവേറ്ററായി അംബികയ്ക്കു ജോലി ലഭിച്ചത് ആശ്വാസമായി. പഠനം പൂര്‍ത്തിയാക്കി അച്ഛന് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ഇപ്പോള്‍ ആര്‍ച്ചയുടെയും അഭിരാമിയുടെയും ലക്ഷ്യം.