കായംകുളം: രേഖകളില്ലാതെ കൊണ്ടുപോയ 1.88 കോടിയിലേറെ രൂപ ഹരിപ്പാട്ടുനിന്നു പിടികൂടി കായംകുളം എക്സൈസ് സംഘം. സംഭവത്തില്‍ കൊല്ലം സ്വദേശിയും കൊല്ലത്തു താമസിക്കുന്ന 3 മഹാരാഷ്ട്ര സ്വദേശികളും പിടിയിലായി.
കൊല്ലം വരാലുവിളച്ചിറയില് രാജേഷ് (40), മഹാരാഷ്ട്ര സ്വദേശികളായ കൊല്ലം കല്ലുംതാഴം താമരക്കുളം സീതാറാം നിവാസില്‍ ദീപക് രാമചന്ദ്ര പവാര്‍ (39), കാര്‍ത്തികപ്പള്ളി പിലാപ്പുഴ ദ്വാരക നിവാസില്‍ അതുല്‍ (27), കായംകുളം ചിറക്കടവം പ്രശാന്ത് ഭവനത്തില്‍ പ്രശാന്ത് കെ പാട്ടീല്‍ (32) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.
സ്വര്‍ണം വാങ്ങാന്‍ തൃശൂരില്‍ പോയതാണെന്നും സ്വര്‍ണം കിട്ടാത്തതിനാല്‍ തിരികെ പോരുന്ന വഴിയാണെന്നുമാണ് ഇവര്‍ എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍ ഇതു വിശ്വസനീയമല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഞായറാഴ്ച രാത്രി വൈകിയാണ് ഹരിപ്പാട് മാധവ ജംക്ഷനു സമീപം 1,88,16,930 രൂപയുമായി 4 പേരും പിടിയിലായത്. ഇവരുടെ വസ്ത്രങ്ങളില്‍ ഉണ്ടാക്കിയ ചെറിയ അറകളിലും വാഹനത്തിന്റെ പ്ലാറ്റ്ഫോമിലെ മാറ്റിന് അടിയിലും ബാഗിലുമാണ് പണം ഒളിപ്പിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന രണ്ടു പേര്ക്കിടയില് ബാഗ് കണ്ട് കഞ്ചാവാണെന്ന സംശയത്തില്‍ പരിശോധിച്ചപ്പോള്‍ രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകള്‍ കണ്ടെത്തി.
സംഭവം പോലീസിനെ അറിയിച്ചു. നടപടിയെടുക്കേണ്ടത് തങ്ങളല്ലെന്നായിരുന്നു പൊലീസ് നിലപാട്. തുടര്‍ന്ന് ആദായ നികുതി, എന്‍ഫോഴ്സ്മെന്റ് അധികൃതരെ അറിയിച്ചു. എക്സൈസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് പോലീസ് കേസെടുത്തു. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ ആര് ഫയാസ് പറഞ്ഞു.
ദീപക് മുന്‍പ് 58 ലക്ഷം രൂപയുമായി പിടിയിലായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദീപക്കും അതുലും പ്രശാന്തും മഹാരാഷ്ട്ര സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി കേരളത്തിലാണു താമസം. ദീപക്കിന്റെ സഹോദരനു സ്വര്ണക്കടയുണ്ടെന്നാണു വിവരം. ദീപക്കിന്റെ സഹായിയാണ് കൊല്ലം സ്വദേശിയായ രാജേഷ്. പിടിയിലായവരെ ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെകെ അനില്‍ കുമാര്‍ ചോദ്യം ചെയ്തു.
സ്വര്‍ണക്കടകളില്‍നിന്ന് ഓര്‍ഡറെടുത്ത് തൃശൂരില്‍നിന്നു സ്വര്‍ണം വാങ്ങി വില്‍ക്കുന്നവരാണെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. ഗ്രാമിന് 15 രൂപ വീതം ലാഭം കിട്ടുമെന്നും 3 കടകളില്‍ സ്വര്‍ണം വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഞായറാഴ്ച അവധിയായതിനാല്‍ വാങ്ങാതെ മടങ്ങിയെന്നുമാണ് വിശദീകരണം. രേഖകളില്ലാത്തതും നികുതി നല്‍കാത്തതുമായ പണമാണിതെന്നു വ്യക്തമാണെന്നും പറയുന്നു.
കായംകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് അനീര്ഷായുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ജെ കൊച്ചുകോശി, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ പിആര്‍ ബൈജു, സിവില്‍ എക്സൈസ് ഓഫിസര്‍ ജെ അബ്ദുല്‍ റഫീഖ്, കെ എച്ച് ഹരീഷ്കുമാര്‍, വി അരുണ്‍, എക്സൈസ് ഡ്രൈവര്‍ പി പ്രദീപ് എന്നിവരാണു പരിശോധന നടത്തിയത്.