കുട്ടനാട്: ഗൃഹനാഥന്റെ ആഗ്രഹപ്രകാരം വെള്ളക്കെട്ടിലായ വീട്ടില്‍ത്തന്നെ സംസ്കാരം നടത്തി കുടുംബം. കുപ്പപ്പുറം ഉദിംചുവട്ടില്‍ വീട്ടില്‍ കരുണാകരന്റെ ( 85) സംസ്കാരമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വെള്ളക്കെട്ടിലായ വീട്ടില്‍ത്തന്നെ നടത്തിയത്.
കൈനകരി കനകാശേരി പാടശേഖരത്തിലുണ്ടായ മടവീഴ്ചയെ തുടര്‍ന്നാണ് കരുണാകരന്റെ വീട് വെള്ളക്കെട്ടിലായത്. എന്നാലും ഗൃഹനാഥന്റെ ആഗ്രഹം വീട്ടുകാര്‍ മറന്നില്ല. ഇരുനൂറോളം സിമന്റ് ഇഷ്ടികകള്‍ ഉപയോഗിച്ച് ചിതയൊരുക്കുകയും വാടകയ്ക്കെടുത്ത ജങ്കാറില്‍ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയില്‍ വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു കരുണാകരന്റെ മരണം. പാടശേഖരത്തിന്റെ പുറംബണ്ടിലാണ് വീട്. സംസ്കാരം നടത്താന്‍ ബുദ്ധിമുട്ടിയ കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കളും നാട്ടുകാരും ഒന്നിച്ചതോടെയാണ് വെള്ളക്കെട്ടിലായ വീട്ടുമുറ്റത്തു തന്നെ ചിതയൊരുക്കാനായത്.
സമീപത്തു നിര്‍മാണത്തിലിരുന്ന വീടുകളില്‍ നിന്നാണ് ഇരുനൂറോളം സിമന്റ് ഇഷ്ടികയും മണ്ണും എടുത്ത് ചിതയൊരുക്കിയത്. മുട്ടറ്റം വെള്ളത്തില്‍ നിന്നാണ് കര്‍മിയും മറ്റുള്ളവരും ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
പ്രളയവും തുടര്‍ച്ചയായുള്ള മടവീഴ്ചയും കാരണം 2018 മുതല്‍ പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ സമാന ദുരിതമാണ് അനുഭവിക്കുന്നത്. കരുണാകരന്റെ ഭാര്യ: അമ്മിണി.മക്കള്‍: റെജിമോന്, സജിമോന്‍, രജനി മോള്, സിജിമോന് മരുമക്കള്‍: സുനിത, ബിന്ദു, ജയപ്രകാശ്, മഞ്ജു.