വിനോദ സഞ്ചാരികള്‍ക്കായി ആലപ്പുഴയില്‍ നിന്ന് ‘വേഗ2’ ബോട്ട് യാത്ര ആരംഭിച്ചു. ജലഗതാഗതവകുപ്പിന്റെ കറ്റമറൈന്‍ ബോട്ട് ‘വേഗ 2’ ന്റെ ആദ്യയാത്രയില്‍ ആലപ്പുഴയുടെ കായല്‍ക്കാഴ്ചകള്‍ കണ്ടു മടങ്ങിയത് 20 യാത്രക്കാരാണ്. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇന്നലെ ആദ്യ സര്‍വീസ് നടത്തിയത്. ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ആദ്യ യാത്രയ്ക്കായി എത്തിയിരുന്നു.
രാവിലെ 11.30നു പുറപ്പെട്ട ബോട്ട് കുമരകത്തെത്തി തിരികെ വൈകിട്ട് 5.30ന് ആണ് ആലപ്പുഴയില്‍ എത്തുക. ഇന്നുമുതല്‍ സാധാരണ രീതിയിലുള്ള സര്‍വീസ് തുടങ്ങും. ഇന്നത്തെ യാത്രയ്ക്കു മുഴുവന്‍ സീറ്റും ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് അറിയുന്നത്. യാത്രാബോട്ടിനൊപ്പം വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാണ് വേഗ 2 നീറ്റിലിറക്കിയിരിക്കുന്നത്.
യാത്രയില്‍ ആലപ്പുഴയുടെ കായല്‍ക്കാഴ്ചകള്‍ ആവോളം കാണുകയും വയറുനിറയെ ഭക്ഷണവും കഴിക്കാം. ഊണിനൊപ്പം കപ്പയും മീനും കക്കയും യാത്രക്കാര്‍ക്കായി കുടുംബശ്രീ ഒരുക്കും. ജില്ലാ കോടതിക്കു സമീപത്തെ കുടുംബശ്രീഗ്രൂപ്പ് നവകേരള ആണ് ബോട്ടിലെ ഭക്ഷണം ഒരുക്കുന്നത്. ബുക്കിങ് അനുസരിച്ചാകും ഇവര്‍ ഭക്ഷണം തയാറാക്കി എത്തിക്കുന്നത്. നാടന്‍വിഭവങ്ങളാണ് ഒരുക്കുക. ഉച്ചഭക്ഷണവും ലഘുഭക്ഷണവും ചായയുമാണ് ആദ്യഘട്ടത്തില്‍ നല്‍കുക.
ഡ്രൈവര്‍ പി ദിലീപ് കുമാര്‍, സ്രാങ്ക് സിഎം സുമേഷ്, മാസ്റ്റര്‍ പിടി ടെന്‍സിങ് എന്നിവര്‍ക്കൊപ്പം ലാസ്കര്മാരായി സി അനില്‍കുമാര്‍, സദീം എന്നിവരും ചെക്കര്‍ എംഎസ് രാജേഷുമാണ് ആദ്യ സര്‍വീസില്‍ ഉണ്ടായിരുന്നത്. ആദ്യദിവസം യാത്രക്കാര്‍ കുറഞ്ഞെങ്കിലും ക്രിസ്മസ്, പുതുവത്സര ദിവസങ്ങളില്‍ തിരക്കേറുമെന്ന പ്രതീക്ഷയിലാണ് ജലഗതാഗതവകുപ്പ്.
ബോട്ടിന്റെ പ്രത്യേകതകള്‍
ഐആര്‍എസ്(ഇന്ത്യന്‍ റജിസ്റ്റര്‍ ഓഫ് ഷിപ്പിങ്) നിലവാരത്തിലുള്ള ബോട്ടിന്റെ നിര്‍മാണച്ചെലവ് ഏകദേശം 1.9 കോടിയാണ്. രണ്ടു കട്ടമരം കൊണ്ടാണു നിര്‍മാണം. 12 നോട്ടിക്കല്‍ മൈല്‍ വേഗം (സാധാരണ പാസഞ്ചര്‍ ബോട്ടുകളെക്കാള്‍ വേഗം). ബോട്ടിന്റെ വീതി ഏഴര മീറ്റര്‍, നീളം 22 മീറ്റര്‍. 120 പേര്‍ക്ക് യാത്ര ചെയ്യാം. 40 സീറ്റ് എസി, 80 സീറ്റ് നോണ്‍ എസി.
പുന്നമട, മുഹമ്മ, പാതിരാമണല്‍, കുമരകം, ആര് ബ്ലോക്ക്, മാര്‍ത്താണ്ഡം കായല്‍, ചിത്തിര, സി ബ്ലോക്ക്, മംഗലശേരി, കുപ്പപ്പുറം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് അഞ്ചോടെ തിരികെ ആലപ്പുഴയിലെത്തും. കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ, സാനിറ്റൈസേഷന്‍ സൗകര്യങ്ങള്‍ അടക്കമാണ് സര്‍വീസ് നടത്തുന്നത്.
മുന്‍കൂട്ടി ബുക്ക് ചെയ്തും യാത്ര ചെയ്യാം. നിരക്ക്: എസി സീറ്റുകള്‍ക്ക് 600 രൂപ, നോണ്‍ എസി സീറ്റുകള്‍ക്ക് 400. ബുക്കിങ്ങിന്: 9400050322, 9400050324, 9400050327.