പത്തനംതിട്ട: 14 വര്‍ഷമായി സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് തന്റെ വീടും പുരയിടവും നല്കി എഴുപത്തിയേഴുകാരിയായ വീട്ടമ്മ. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മയാണ് തന്റെ വീടും പുരയിടവും വാടകക്കാര്‍ക്ക് ഇഷ്ടദാനം നല്‍കിയത്.
തന്റെ ഈ തീരുമാനത്തിന് പിന്നില്‍ വലിയൊരു കരുതലിന്റെ കഥകൂടിയുണ്ടെന്ന് ചന്ദ്രമതിയമ്മ പറയുന്നു. ആരുമില്ലാതിരുന്ന തനിക്ക് എല്ലാമെല്ലാമായത് വാടയ്ക്ക് താമസിക്കുന്ന സരസ്വതിയും മകള്‍ പൊന്നുവുമായി. ഇരുവരും ഇപ്പോള്‍ ചന്ദ്രമതിയമ്മയ്ക്ക് മകളും കൊച്ചുമകളും പോലെയാണ്.
14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരസ്വതിയും കുടുംബവും ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകക്കാരായി എത്തുന്നത്. കുറച്ച് മാസം വാടക കൊടുത്തു. ഇതിനിടെ സരസ്വതിയുടെ ഭര്‍ത്താവിന് അപകടം സംഭവിച്ചു. ശരീരം തളര്‍ന്നു കിടപ്പായി. ഇതിന് ശേഷം ചന്ദ്രമതിയമ്മ വാടക ചോദിച്ചില്ല.
അതിനിടെ സരസ്വതിയുടെ ഭര്‍ത്താവ് മരിച്ചു. അതോടെ പൊന്നുവിനും സരസ്വതിക്കും താങ്ങും തണലുമായി ചന്ദ്രമതിയമ്മ. തന്റെ കാലശേഷം ഇരുവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരരുതെന്നതാണ് ചന്ദ്രമതിയമ്മയുടെ ആഗ്രഹം. അതിനാലാണ് സ്വന്തം വീടും പുരയിടവും ഇവര്‍ക്ക് ഇഷ്ടദാനം നല്‍കിയത്.
രാവിലെ കുളിയൊക്കെ കഴിഞ്ഞ് വീട്ട് വരാന്തയില്‍ വന്നിരുന്ന് ചന്ദ്രമതിയമ്മ സരസ്വതിയെ വിളിച്ച് പറഞ്ഞു ‘എന്റെ വീടും ഏഴര സെന്റ് സ്ഥലവും പൊന്നുവിന്റെ പേരില്‍ ഇഷ്ടദാനം എഴുതാന്‍ തീരുമാനിച്ചു’എന്ന്. ചന്ദ്രമതിയമ്മയുടെ വാക്ക് കേട്ട ഞെട്ടല്‍ സരസ്വതിക്ക് മാറും മുന്‍പ് തന്നെ പൊന്നുവിനെയും കൂട്ടി സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് പോയി.
ശേഷം എല്ലാം അവളുടെ പേരിലേക്ക് മാറ്റി 77 കാരി ചന്ദ്രമതിയമ്മ. വിവരമറിഞ്ഞെത്തിയ നാട്ടുകാരൊക്കെ നല്ലമനസിനെ അഭിനന്ദിച്ചു.