കാസര്‍കോട്: മക്കളുടെ കല്യാണവും വീടുപണിയുമെല്ലാമായി 50 ലക്ഷത്തിന്റെ കടമാണ് ബാവയ്ക്കുണ്ടായത്. എന്നാല്‍ ഇത് വീട്ടാന്‍ ബാവയ്ക്ക് മുന്നില്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ വീട് വില്ക്കുകയെന്നല്ലാതെ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. വീട് വില്ക്കാന് തീരുമാനിച്ച് അതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാനിരിക്കെയാണ് ബാവയേത്തേടി ഒരുകോടിയുടെ ഭാഗ്യമെത്തിയത്.
മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളിയായ പാവൂരിലെ മുഹമ്മദ് എന്ന ബാവ (50) യ്ക്ക് ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റില്‍ ഒന്നാം സമ്മാനമായ ഒരു കോടിയാണ് അടിച്ചത്. അഞ്ച് മക്കളാണ് മുഹമ്മദിന്. നാല് പെണ്മക്കളും ഒരാണും. പെണ്മക്കളുടെ കല്യാണവും വീട് നിര്‍മാണവും കഴിഞ്ഞപ്പോഴാണ് അമ്പത് ലക്ഷത്തിന്റെ കടമുണ്ടായത്.
ഇതിനിടെ മകനെ ഖത്തറിലയക്കുന്നതിന് പലിശക്ക് കടം വാങ്ങിയിരുന്നു. ഈ ബാധ്യതകളെല്ലാം തീര്‍ക്കാന്‍ വേണ്ടിയാണ് വീട് വില്ക്കാന് തീരുമാനിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഹൊസങ്കടിയിലെ അമ്മ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് മുഹമ്മദ് ടിക്കറ്റെടുത്തത്.
ഈ ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് മുഹമ്മദ് പറയുന്നു. ‘ഞായറാഴ്ച അഞ്ച് മണിക്ക് ടോക്കണ്‍ തരാന്‍ ഒരു പാര്‍ട്ടി എത്താമെന്ന് അറിയിച്ചിരുന്നതാണ്. 45 ലക്ഷം വേണമായിരുന്നു, കാരണം അത്രയും കടമുണ്ടായിരുന്നു. 40 ലക്ഷമാണ് അവര്‍ വില പറഞ്ഞത്. ആ തുകയ്ക്ക് സമ്മതിക്കാമെന്ന് കരുതി ഇരുന്നതാണ്. കിട്ടുന്ന വിലയ്ക്ക് വിറ്റ് ഒരു വാടക വീട്ടിലേക്ക് മാറാനാണ് തീരുമാനിച്ചിരുന്നത്’,ബാവ പറഞ്ഞു.