കൊച്ചി: മാതാപിതാക്കളെ നഷ്ടപ്പെട്ട കോളേജ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടി. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും ‘വിദ്യാമൃതം’ എന്ന വിപുലപദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന 100 കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാകും.
പദ്ധതിയിലൂടെ കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് ഏറ്റെടുക്കുക. ‘വിദ്യാമൃതം’ പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്. കോളജുകളില്‍ മാനേജ്മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ് എസ് എല്‍സിക്കും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കുംം പ്രവേശനം.
also read: വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, നടന് വിനീത് അറസ്റ്റില്‍
എന്‍ജിനീയറിങ്, പോളിടെക്നിക് കോഴ്സുകള്‍, ആര്‍ട്സ്& കോമെഴ്സ്, ബിരുദ- ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസി കോഴ്സുകള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. കൂടുതല്‍ മേഖലകളില്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടും വിധം വരും വര്‍ഷങ്ങളില്‍ പദ്ധതി വിപുലമാക്കുന്നതിനൊപ്പം വിവിധ സ്കോളര്‍ഷിപ്പുകളും ആവിഷ്കരിക്കും.പദ്ധതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും പരിഗണിക്കുമെന്ന് എം ജി എം ഗ്രൂപ്പ് ചെയര്മാന് ഗീവര്‍ഗീസ് യോഹന്നാന് അറിയിച്ചു.
പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ +917025335111, +9199464855111എന്ന നമ്പറിലോ വിളിച്ച് വിവരങ്ങള്‍ തേടി അപേക്ഷ സമര്‍പ്പിക്കണം. പദ്ധതിയുടെ പ്രചാരണര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനര്‍ കാര്‍ഡിലുള്ള ക്യു ആര് കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്കാന്‍ ചെയ്താല്‍ ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം.