തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമനയെ ഒരുനോക്ക് കാണാന്‍ കഴിയാതെ ശരത് യാത്രയായി. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന് ശരത്ത് (30) ആണ് ഇന്നലെ പുലര്‍ച്ചെ ബൈക്കപകടത്തില്‍ മരിച്ചത്. പ്രിയതമന്റെ വിയോഗമറിയാതെ പേറ്റുനോവിലും ശരത്തിനെ അന്വേഷിച്ച് ഭാര്യ നമിത ആശുപത്രിയില്‍ നൊമ്പരക്കാഴ്ചയായി. ഒടുവില്‍ സിസേറിയനിലൂടെ നമിത ആണ്‍കുഞ്ഞിന് ജന്മം നല്കി.
വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശരതിനും നമിതയ്ക്കും കുഞ്ഞുപിറന്നത്. ആ കണ്മണി പിറക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ്, അവനെ ഒരുനോക്കു കാണാതെ ശരത് യാത്രയായി. പ്രസവ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിട്ടില്ല.
also read: ജോലി കഴിഞ്ഞെത്തി കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍, തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
അതിനാല്‍ കുഞ്ഞിനെ കാണാതെ പ്രിയതമന് പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണു വീട്ടുകാര്‍. പഴഞ്ഞി ചിറയ്ക്കല്‍ സെന്ററില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്നതിനാല്‍ ശരത്ത് രാവിലെ ആശുപത്രിയില്‍ എത്താമെന്നു പറഞ്ഞിരുന്നു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം.
നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലില്‍ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് ചൂല്‍പ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.