പാലക്കാട്: ടാറില്‍ അകപ്പെട്ട മൂന്ന് നായക്കുട്ടികളെ രക്ഷപ്പെടുത്തി പുതുജീവന്‍ പകര്‍ന്ന് അഗ്നിശമനസേന. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. വിളയൂര്‍ ചുണ്ടമ്പറ്റ റോഡിന്റെ നവീകരണത്തിനായാണ് വിളയൂര്‍ ഹൈസ്കൂള്‍ മൈതാനത്ത് സൂക്ഷിച്ചിരുന്ന ടാറിലാണ് നായ്ക്കുട്ടികള്‍ കുടുങ്ങിയത്.
രണ്ട് മണിക്കൂറിലധികമാണ് നായ്ക്കുട്ടികള്‍ ടാറില്‍ കുടുങ്ങിയത്. സ്കൂള്‍ മൈതാനത്തെ ടാര്‍ വീപ്പകള്‍ നിലത്ത് വീണ് അതില്‍ നിന്ന് ടാര്‍ ഒഴുകിപ്പരന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഈ ഭാഗത്ത് പതിവായി എത്തിയിരുന്ന നായ്ക്കൂട്ടത്തില്‍ ചിലര്‍ ടാറില്‍ അകപ്പെട്ടു.
കാല് പുറത്തെടുക്കാന്‍ കഴിയാതെ കുഴപ്പത്തിലാകുകയും ചെയ്തു. സ്കൂള്‍ അധ്യാപകരും ജീവനക്കാരും ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിന്നാലെയാണ് പട്ടാമ്പി അഗ്നിശമന സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥരെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ പട്ടിക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഫയര്‍ സ്റ്റേഷനില്‍ ഉദ്ഘാടനത്തിന് പിന്നാലെയുള്ള ഫസ്റ്റ് റെസ്ക്യൂ വെഹിക്കിളിന്റെ ആദ്യ ദൗത്യമായിരുന്നു. അത് വിജയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സുരേഷും സഹപ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.