വണ്ടൂര്‍: വാഹനാപകടത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റു തളര്‍ന്നുപോയ എറിയാട് ഖാജാമന്സിലില് താജുദ്ദീന് (40) ജീവിതമാര്‍ഗം തുറന്ന് കൊടുത്ത് ‘ചങ്ക് ബ്രോസ്’. ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് (എകെഡബ്ല്യുആര്‍എഫ്) പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് താജുദ്ദീന് സഹായ ഹസ്തം നല്‍കിയത്.
വണ്ടൂര്‍മഞ്ചേരി റോഡരികില്‍ എറിയാട് കാളപൂട്ടുകണ്ടത്തില്‍ വീടിനോടു ചേര്‍ന്നു കട തുറന്നാണ് ജീവിത മാര്‍ഗം നല്‍കിയത്. തിരുവാലി പഞ്ചായത്ത് പദ്ധതിയിലാണ് പെട്ടിക്കട ഉണ്ടാക്കാന്‍ ആനുകൂല്യം കിട്ടിയത്. കടയുടെ പണിതീര്‍ത്തപ്പോള്‍ കൈയ്യില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
തുടര്‍ന്നാണു എകെഡബ്ല്യുആര്‍എഫ് കൂട്ടായ്മ സഹായം ഹസ്തം നീട്ടി രംഗത്തെത്തിയത്. 45,000 രൂപയുടെ ബേക്കറി, പലചരക്ക് സാധനങ്ങള്‍ ഇവര്‍ കടയില്‍ എത്തിക്കുകയായിരുന്നു. സംഘടനയുടെ സ്ഥാപക വാര്‍ഷിക ദിനത്തില്‍ വണ്ടൂര്‍ എസ്ഐ കെ സത്യന് ഉദ്ഘാടനം ചെയ്തു.