നരിക്കുനി: കോഴിക്കോട് ജില്ലയിലെ നരിക്കുനി ടൗണിലെ തനിമ ജ്വല്ലറിയില്‍ കവര്‍ച്ച. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയില്‍ നിന്ന് പതിനൊന്നര പവന് സ്വര്‍ണ്ണവും ഒന്നേകാല്‍ കിലോഗ്രാം വെള്ളിയും നഷ്ടപ്പെട്ടു.
ജ്വല്ലറിയുടെ ഷട്ടര്‍ മോഷ്ടാക്കള്‍ വാഹനം ഉപയോഗിച്ച് കെട്ടി വലിച്ച് തകര്‍ത്ത നിലയിലാണ്. രാത്രി പന്ത്രണ്ടരയ്ക്കു ശേഷമാണ് കവര്‍ച്ച നടത്തിയതെന്ന് കരുതുന്നു. കൊടുവള്ളി മോഡേണ്‍ ബസാര്‍ നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. പുലര്‍ച്ചെ ഒന്നരയോടെ ഇതുവഴി എത്തിയ ഗൂര്‍ഖ അസമയത്ത് ഒരു സംഘം ആളുകളെ കണ്ട് ജ്വല്ലറിക്കടുത്തേക്ക് എത്തിയെങ്കിലും അവര്‍ കല്ലെടുത്ത് എറിഞ്ഞ് ആക്രമിച്ചു. ഗൂര്‍ഖ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.
വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞു. സമീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന കാറിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെത്തിച്ച പോലീസ് നായ മണംപിടിച്ച് കുറച്ചകലെയുള്ള കെട്ടിടങ്ങള്‍ക്ക് അരികിലെത്തി നിന്നു. വിരലടയാള വിദഗ്ധര്‍ ജ്വല്ലറിയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു.