കൂരാച്ചുണ്ട്: മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. കൃഷിയിടത്തില്‍ സ്ഥാപിച്ച വേലി തകര്‍ത്താണ് കാട്ടുപന്നിക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. പ്രദേശത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷി ചെയ്ത ഇടവിളകള്‍ പൂര്‍ണമായും കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുകയാണ്.
എരപ്പാംതോട് വെള്ളാരംകാലയില്‍ ബിനുവിന്റെ മരച്ചീനി,ചേമ്പ് കൃഷി എന്നിവ കാട്ടുപന്നികള്‍ നശിപ്പിച്ചു. ചക്കിട്ടപാറ ചന്ദ്രന്‍കുന്നേല്‍ സൂരജ് ചാണ്ടിയുടെ മരച്ചീനി കൃഷി മുഴുവന്‍ പന്നികള്‍ നശിപ്പിച്ചു. പെരുവണ്ണാമൂഴി മഠത്തിനകത്ത് ജോണ്‍സന്റെ വീട്ടുമുറ്റത്തെ ചേമ്പ് കൃഷിയും പന്നികള്‍ നശിപ്പിച്ചു.
പനങ്ങാട്, കുറുമ്പൊയില്‍, പൂനത്ത് മേഖലകളില്‍ കാട്ടുപന്നികളും മുള്ളന്‍പന്നികളും കൃഷി നശിപ്പിക്കുന്നത് കാരണം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. മൊട്ടന്തറോല് എംടി മാധവന്റെ കൃഷി പന്നികള്‍ നശിപ്പിച്ചു. മരച്ചീനി, ചേന, ചേമ്പ്, വാഴ എന്നിവ കുത്തി മറിച്ചിട്ട നിലയിലാണ്. വന്യജീവിശല്യം പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുആവശ്യപ്പെട്ടു.