തൃപ്രയാര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. ചേട്ടനും അനിയനും അച്ഛനും മകനും തുടങ്ങി നിരവധി കോംബിനേഷന്‍ മത്സരം പലയിടത്തും ഇതിനോടകം കണ്ടു. എന്നാല്‍ നാട്ടിക പഞ്ചായത്തിലെ ആറാം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് ഇറങ്ങുന്നത് അമ്മായിയമ്മയും മരുമകളുമാണ്.
യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി റീന പത്മനാഭന് മത്സരിക്കുമ്പോള്‍ മരുമകള്‍ സുഷിതാ ഷൈബു ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. റീനയുടെ വോട്ടു സ്വന്തം വാര്‍ഡിലാണ്. മരുമകളുടെ വോട്ട് ഏഴാം വാര്‍ഡിലും. മഹിളാ കോണ്‍ഗ്രസ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറിയായ റീന, നേരത്തെ നാട്ടിക സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.
മരുമകള്‍ സുഷിത ലാബ് ടെക്നിഷ്യയാണ്. ഒരു മകനും മകളുമാണ് റീനയ്ക്കുള്ളത്. ഇപ്പോള്‍ മകളോടൊപ്പം ചേര്‍ക്കരയിലാണ് താമസം. എല്‍ഡിഎഫിലെ രജനി ബാബുവാണ് മറ്റൊരു സ്ഥാനാര്‍ത്ഥി. പോരാട്ടത്തിന് ഒരുപോലെ ഒരുങ്ങുകയാണ് കുടുംബം.