കടയ്ക്കല്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂട് കയറിയതോടെ വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളും. വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികളും. എന്നാല്‍, കുമ്മിള്‍ പഞ്ചായത്തില്‍ തച്ചോണം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. രുഗ്മിണിയമ്മ പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
വോട്ട് അഭ്യര്‍ഥിച്ചു വീടുകള്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റ് വിശ്രമത്തിലാണ് രുഗ്മിണിയമ്മ. ഇടതു കാലിന് ഒടിവുണ്ട്. കഴിഞ്ഞ ദിവസം തച്ചോണം ലക്ഷം വീട് മേഖലയില്‍ വീടുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പ്ലാസ്റ്റര്‍ ഇട്ട് വീട്ടില്‍ വിശ്രമത്തിലാണ് രുഗ്മിണിയമ്മ . കഴിഞ്ഞ തവണ പഞ്ചായത്തില്‍ മുല്ലക്കര വാര്‍ഡിലും മത്സരിച്ചിരുന്നു. ഇതോടെ പ്രചാരണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.