പാപ്പിനിശ്ശേരി: തട്ടിയ പന്ത് പിന്നെ നിലം തൊടീക്കാതെ ജഗ്ലിംഗില് രാജ്യാന്തര റെക്കോര്‍ഡ് നേടി കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ബിഎല്‍ അഖില. 13വയസാണ്. ഫുട്ബോള്‍ ജഗ്ലിങ്ങില്‍ യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറ(യുആര്‍എഫ്)ത്തിന്റെ ലോക റെക്കോര്‍ഡാണ് ഈ 13കാരി സ്വന്തമാക്കിയത്. ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ജഗ്ലിങ് നടത്തിയാണ് അഖില താരമായതും നേട്ടത്തിന് അര്‍ഹത നേടിയതും. 171 തവണയാണ് ഇരുകാലുകളിലുമായി അഖില പന്ത് തട്ടിയത്.
ഇതോടെ ബ്രസീല്‍ ജഗ്ലിങ് താരം ജോഷ്വ ഡ്യുറേറ്റ് നേരത്തെ കരസ്ഥമാക്കിയ റെക്കാര്‍ഡാണു ഈ മിടുക്കി മറികടന്നത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അഖിലയുടെ അഭിമാന നേട്ടത്തില്‍ മന്ത്രി ഇപി ജയരാജന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി. ലോക്ഡൗണ്‍ കാലത്ത് ജഗ്ലിങ് അറ്റ് ഹോം ഓണ്‍ലൈന്‍ മത്സരത്തില്‍ ഒന്നാമതെത്തി. നിലത്തു വീഴാതെ പന്ത് ഇരുകാലുകളിലുമായി 300 തവണ വരെയങ്കിലും തട്ടിക്കളിക്കും.
ഇതിനിടെ തന്ത്രപൂര്‍വം മുതുകത്ത് എത്തിക്കുന്ന ഫുട്ബോള്‍ നിലത്തുവീഴാതെ പുഷ്അപ് ചെയ്തു ജഗ്ലിങ് വിസ്മയം തീര്‍ക്കാനും അഖിലയ്ക്ക് അറിയാം. ചെറുകുന്ന് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ക്കായുള്ള കിക്കോഫ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. പഴങ്ങോട് മത്സ്യത്തൊഴിലാളിയായ സി. ബൈജുവിന്റെയും, ലീമ മേരിയുടെയും മകളാണ്. സഹോദരി അനിഷ